
തമിഴ്നാട് സ്വദേശികൾ പിടിയിലായത് പുനലൂരിൽ വച്ച്
പുനലൂർ : ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ റെയിൽവേ പൊലീസിന്റെ പിടിയിലായി. മധുര സ്വദേശികളായ ത്യാഗരാജൻ, സതീഷ് , രാജീവ് ഗാന്ധി എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ അഞ്ചിന് ചെന്നൈ - എഗ്മൂർ ട്രെയിനിൽ നിന്നാണ് ഇവർ പിടിയിലായത്. റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മധുരയിൽ നിന്ന് ട്രെയിൻ കയറിയ ഇവർ ബാഗേജുകളിൽ ഒളിപ്പിച്ചാണ് പണം കടത്താൻ ശ്രമിച്ചത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ചെങ്ങന്നൂരിലെ ഒരു ജുവലറിയിലേക്ക് കൊണ്ടുവന്ന പണമാണ് ഇതെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്. ഇതേപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
റെയിൽവേപൊലീസ് എസ്.ഐ സലിം, ഇന്റലിജൻസ് എ.എസ്.ഐ മാരായ രവിചന്ദ്രൻ, രാജു, എ.എസ്.ഐ സന്തോഷ് എന്നിവരുടെ സംഘമാണ് പണം പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.