
കൊല്ലം: ഉമ്മന്നൂർ ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിനെച്ചൊല്ലി തർക്കം. ഹെൽത്ത് ഇൻസ്പക്ടറെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. വാക്സിനേഷൻ ആരംഭിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ക്ഷണിക്കുകയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ക്ഷണിച്ചില്ലെന്നുമായിരുന്നു പരാതി. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിയതെന്നും മെഡിക്കൽ ഓഫീസർ പലപ്പോഴും ഇവിടെ കാണാറില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. തുടർന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തത്. വാളകം എയ്ഡ് പോസ്റ്റിൽ നിന്നും പൊലീസെത്തി പ്രശ്ന പരിഹാരം നടത്തി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.