
കൊച്ചി: വാഹന ലോകത്ത് ഇത് വൈദ്യുത വിപ്ളവത്തിന്റെ കാലം. പേരുംപെരുമയുമുള്ള കമ്പനികൾ പോലും പരമ്പരാഗത പെട്രോൾ, ഡീസൽ എൻജിനുകളിൽ നിന്നുമാറി ഇലക്‌ട്രിക് നിരയിലേക്ക് ചുവടുവച്ച് തുടങ്ങിക്കഴിഞ്ഞു. ഇവർക്കിടയിലേക്ക് ഏതാനും വർഷംമുമ്പ് മാത്രം കടന്നുവന്ന, സ്‌റ്റാർട്ടപ്പ് കമ്പനിയായ 'ഏഥർ എനർജി" അതിശയിപ്പിക്കുന്നവിധം സ്വീകാര്യത നേടി മുന്നേറുകയാണ്. കഴിഞ്ഞവാരം എറണാകുളം വൈറ്റിലയിൽ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് കമ്പനി തുറന്നു.
ഏഥർ എനർജിയുടെ കേരളത്തിലെ പ്രതീക്ഷകളും വളർച്ചയുടെ വഴികളും സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ സ്വപ്‌നിൽ ജെയിൻ 'കേരളകൗമുദി"യോട് പങ്കുവയ്ക്കുന്നു.
കേരളത്തിലെ ആദ്യ ഷോറൂമാണ് വൈറ്റിലയിൽ തുറന്നത്. എന്താണ് കേരളത്തിൽ ഏഥറിന്റെ പ്രതീക്ഷകൾ?
ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രസക്‌തിയെ കുറിച്ച് അറിയുന്നവരാണ് കേരളീയർ. ഇവിടെ ഇതുവരെ ടെസ്‌റ്റ് -ഡ്രൈവുകളിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അതിനു തന്നെ നല്ല പ്രതികരണമുണ്ടായി. അതാണ്, കൊച്ചിയിൽ ഷോറൂം തുറക്കാൻ പ്രചോദനമായത്.
കേരളത്തിൽ കൂടുതൽ ഷോറൂമുകൾ ഉടനുണ്ടാവുമോ?
മദ്ധ്യകേരളത്തിൽ നിന്നുള്ളവരെ കൂടി ലക്ഷ്യമിടുന്നതാണ് കൊച്ചി ഷോറൂം. കേരളത്തിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. ആവശ്യമേറിയാൽ കോഴിക്കോട്ടും ഷോറൂം തുറക്കും.
450 എക്‌സ്., ഏഥർ 450 പ്ളസ് എന്നിവയാണ് ഏഥറിന്റെ മോഡലുകൾ. പുതിയ മോഡലുകൾ പുറത്തിറക്കാൻ ആലോചിക്കുന്നുണ്ടോ?
ഇവയ്ക്ക് രണ്ടിനും ഇപ്പോൾ നല്ല ഡിമാൻഡുണ്ട്. തത്കാലം ഇവയിൽ തന്നെ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം.
മറ്റുള്ളവയിൽ നിന്ന് ഏഥർ സ്‌കൂട്ടറുകളെ വ്യത്യസ്‌തമാക്കുന്നത് എന്താണ്?
പരമ്പരാഗത സ്‌കൂട്ടറുകളിൽപ്പോലും കാണാത്ത ആധുനിക ഫീച്ചറുകളാണ് ഏഥറിന്റെ മോഡലുകളുടെ മികവ്. എൽ.ഇ.ഡി ലൈറ്റുകൾ, എൽ.സി.ഡി ഡിസ്‌പ്ളേ, പാട്ടുകേൾക്കാം, ഫോൺകോളുകൾ സ്വീകരിക്കാം, ബ്ളൂടൂത്തുണ്ട്. ഓൺബോർഡ്-നാവിഗേഷനുണ്ട്. മികച്ച സ്‌റ്റോറേജ് സൗകര്യമുണ്ട്.
നമ്മുടെ റോഡുകളിൽ അനായാസം ഓടിക്കാവുന്ന വിധത്തിലാണ് ഏഥർ സ്‌കൂട്ടറുകളുടെ നിർമ്മാണം. ആർക്കും അനായാസം റൈഡ് ചെയ്യാം. മൊബൈൽഫോൺ പോലെ വീട്ടിൽത്തന്നെ ചാർജ് ചെയ്യാം. പെട്രോൾ സ്‌കൂട്ടറുകളുടെ പത്തിലൊന്ന് ചെലവേയുള്ളൂ.
ചാർജിംഗ് സമയം, ദൂരപരിധി എന്നിവ വിശദമാക്കാമോ?
എക്കോ, റൈഡ്, സ്‌പോർട്ട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. എക്കോയിൽ 75 കിലോമീറ്ററും റൈഡിൽ 65 കിലോമീറ്ററും സ്‌പോർട്ടിൽ 55 കിലോമീറ്ററും വരെ ഓടും. ഹൈകപ്പാസിറ്റി ലിഥിയം ബാറ്ററിയാണുള്ളത്. ഫാസ്റ്റ് ചാർജിംഗുണ്ട്. മൂന്നര മണിക്കൂർ കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം. 15 കിലോമീറ്റർ വരെ പോകാൻ 10 മിനുട്ട് ചാർജ് ചെയ്‌താൽ മതി.
80 കിലോമീറ്റർ വരെ സ്‌പീഡിൽ ഓടാം. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം നേടാൻ 450 പ്ളസിന് 3.9 സെക്കൻഡ് മതി; 450 എക്‌സിന് 3.3 സെക്കൻഡ് ധാരാളം. 450 എക്‌സിന് 1.61 ലക്ഷം രൂപയും 450 പ്ളസിന് 1.42 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ചാർജിംഗ് സ്‌റ്റേഷനുകളുടെ അഭാവം ഇ-വാഹനങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. ഏഥർ ഇതെങ്ങനെയാണ് തരണം ചെയ്യുന്നത്?
പൊതു ഇടങ്ങളിലും മറ്റും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ഏഥർ ഗ്രിഡ് സംരംഭം ഞങ്ങൾക്കുണ്ട്. ഏഥറിന്റെ വണ്ടി മാത്രമല്ല ഏത് ഇ-വാഹനവും ഏഥർ ഗ്രിഡിൽ ചാർജ് ചെയ്യാം. ബംഗളൂരു, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഏഥർ ഗ്രിഡുണ്ട്. കൊച്ചിയിൽ അഞ്ച് പോയിന്റുകളാണ് തുറന്നത്.
ഏഥറിന്റെ ഇന്ത്യയിലെ സാന്നിദ്ധ്യത്തെ കുറിച്ച് പറയാമോ? ഏതാണ് ഏറ്റവും വലിയ വിപണി?
ബംഗളൂരു തന്നെയാണ് വലിയ വിപണി. പൂനെയിലും മികച്ച വില്പനയുണ്ട്. അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, മുംബയ്, ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി, നാഗ്‌പൂർ എന്നിവിടങ്ങളിൽ നിന്നും ഡിമാൻഡുണ്ട്. കേരളത്തിൽ വലിയ വളർച്ചയാണ് പ്രതീക്ഷ.
തമിഴ്നാട്ടിലെ ഹൊസൂരിലാണല്ലോ പ്ളാന്റ്. എത്രയാണ് വാർഷിക ഉത്‌പാദനം? നിക്ഷേപം?
ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി) അധിഷ്‌ഠിതമായ അത്യാധുനിക പ്ളാന്റാണിത്. 100 കോടിയിലേറെ രൂപയാണ് നിക്ഷേപം. പ്രതിവർഷം 1.10 ലക്ഷം സ്‌കൂട്ടറുകൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ളാന്റാണിത്.
ഒട്ടേറെ കമ്പനികൾ ഇപ്പോൾ ഇ-വാഹനങ്ങളുടെ നിർമ്മാണരംഗത്തുണ്ട്. വെല്ലുവിളികളെ എങ്ങനെ കാണുന്നു?
കൂടുതൽ കമ്പനികൾ വരുന്നത് നല്ല കാര്യമാണ്. ഇ-വാഹനങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിവുപകരാൻ അത് സഹായിക്കും. സർക്കാരിന്റെ പ്രോത്സാഹന പദ്ധതികളും ഇ-വിപണിക്ക് ഗുണകരമാണ്.
കയറ്റുമതി ലക്ഷ്യങ്ങളുണ്ടോ?
തത്കാലമില്ല. ഇവിടെ തന്നെ ഇപ്പോൾ ആവശ്യത്തിന് ഡിമാൻഡുണ്ട്.
ഇന്ധനവില വർദ്ധന ഇ-വിപണിക്ക് എത്രത്തോളം ഗുണകരമാണ്?
ഇന്ധനവില കൂടിയതിനാൽ ഇ-വാഹനങ്ങൾക്കുള്ള ഡിമാൻഡ് കൂടിയിട്ടുണ്ട്. താരതമ്യം ചെയ്യുമ്പോൾ മെയിന്റനൻസ് ഉൾപ്പെടെയുള്ള ചെലവും ഇ-വണ്ടികൾക്ക് കുറവാണെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. പമ്പിൽ പോകേണ്ട കാര്യവുമില്ല; ബാറ്ററി വീട്ടിൽ തന്നെ ചാർജ് ചെയ്യാം.
പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ആലോചിക്കുന്നുണ്ടോ?
തത്കാലമില്ല.
ഏഥറിന് പ്രീ-ഓൺഡ് വണ്ടികളുടെ വിഭാഗവുമുണ്ടല്ലോ
യൂസ്ഡ് ഇലക്‌ട്രിക് സ്കൂട്ടറുകൾക്കും ആവശ്യക്കാരുണ്ട്. എന്നാൽ, ഇതേക്കുറിച്ച് പലരും അറിഞ്ഞുവരുന്നേയുള്ളൂ.