
കൊച്ചി: ചെറുകിട-ഇടത്തരം വാണിജ്യ വാഹനശ്രേണിയിൽ ടാറ്റാ മോട്ടോഴ്‌സ് അൾട്ര സ്ളീക്ക് ടി-സീരീസ് സ്മാർട്ട് ട്രക്കുകൾ പുറത്തിറക്കി. ടി.6, ടി.7, ടി.9 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. നഗരങ്ങളിലെ ചരക്കുനീക്കത്തിന് അനുയോജ്യമായ വിധം ഒതുക്കമുള്ളതും അനായാസം കൈകാര്യം ചെയ്യാവുന്നതുമായ രൂപകല്പനയാണ് പ്രധാന മികവ്.
ഒതുക്കമുള്ള രൂപകല്പന അതിവേഗ ചരക്കുനീക്കത്തിനും അതുവഴി കൂടുതൽ വരുമാനനേട്ടത്തിനും ഉപഭോക്താവിനെ സഹായിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കി. ടി.6ന് 13.99 ലക്ഷം രൂപയും ടി.7ന് 15.29 ലക്ഷം രൂപയും ടി.9ന്17.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ഇ-കൊമേഴ്‌സ് ഉത്പന്നങ്ങൾ, എഫ്.എം.സി.ജി., വ്യാവസായിക ഉത്പന്നങ്ങൾ, എൽ.പി.ജി സിലിണ്ടറുകൾ, റഫ്രിജറേറ്റഡ് ഉത്പന്നങ്ങൾ, കൊവിഡ് വാക്‌സിൻ, മരുന്നുകൾ, കാർഷികോത്പന്നങ്ങൾ, മുട്ട തുടങ്ങിയവയുടെ നീക്കത്തിന് അനുയോജ്യമാണ് ഈ ട്രക്കുകൾ. 10 മുതൽ 20 അടിവരെ നീളമുള്ളതാണ് ഡെക്കുകൾ. വിശാലമാണ് അകത്തളം. മ്യൂസിക് സിസ്‌റ്റം, യു.എസ്.ബി ഫാസ്‌റ്റ് ചാർജിംഗ് പോർട്ട് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.