
കോട്ടയം: പൊലീസുകാരെ ആക്രമിച്ച് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കറുകച്ചാൽ പൊലീസ് രണ്ടുമണിക്കൂറിനുള്ളിൽ പിടികൂടി. നെടുംകുന്നം മൈലാടി ഇടവളഞ്ഞികരോട്ട് ഇ.ടി.മഹേഷ് (40) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 1.30 ഓടെയായിരുന്നു നാടകീയ രംഗങ്ങൾ. രാത്രി പത്തരയോടെയാണ് മഹേഷ് മദ്യലഹരിയിൽ മൈലാടി ഭാഗത്ത് ബഹളമുണ്ടാക്കിയത്. നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതോടെ അയൽവാസികൾ പൊലീസിനെ അറിയിച്ചു.
11.30ന് മൈലാടിയിലെത്തിയ പൊലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി 1.30 ഓടെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ചത്. എ.എസ്.ഐ.വിനോദ്കുമാർ, സി.പി.ഒമാരായ വിനോദ് ആർ.നായർ, വി.എ.വിനോദ് എന്നിവർക്ക് പരിക്കേറ്റു. ഇവർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ പിടികൂടാൻ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല. 3.30ഓടെ മൈലാടി ഭാഗത്ത് എത്തി പൊലീസ് പരിശോധന നടത്തുന്നതിനിടയിൽ ഇയാൾ സമീപത്തെ വീടിന്റെ ശൗചാലയത്തിൽ കയറി ഒളിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാന്റ് ചെയ്തു.