
മുളങ്കുന്നത്തുകാവ് : കെ.എസ്.ഇ.ബിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കെ.എസ്.ഇ.ബിയിലെ ഓവർസീയറെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കെ.എസ്.ഇ.ബിയിൽ ഓവർസിയറായി ജോലി ചെയ്തിരുന്ന ഇടുക്കി ആർക്കുളം മൂലമറ്റം മലയിൽ വീട്ടിൽ സുരേഷ് ബാബുവാണ് പിടിയിലായത്. അഞ്ച് ലക്ഷം രൂപ നൽകിയാൽ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നും 120 ദിവസത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ കൊടുത്ത പണം പലിശ സഹിതം തിരികെ നൽകാമെന്നും പ്രലോഭിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ നിരവധി പേരിൽ നിന്നും പണം തട്ടിയതായി സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് എസ്.ഐ എ. അനന്തലാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.