
ചാവക്കാട്: അണ്ടത്തോട് പെരിയമ്പലത്ത് പെട്ടി ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചുതകർക്കുകയും ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തങ്ങൾപടി സ്വദേശി പാലത്ത് മുഹാഫിനെയാണ് (25) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എടക്കഴിയൂർ പഞ്ചവടി സ്വദേശി ജബ്ബാറിന്റെ ഓട്ടോറിക്ഷയാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചുതകർത്തത്. മുഹാഫും മറ്റു രണ്ടുപേരും അസമയത്ത് ഇരുമ്പ് പൈപ്പുമായി നിൽക്കുന്നത് കണ്ടത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായത്. തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വണ്ടിയുടെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. വടക്കേക്കാട് എസ്.എച്ച്.ഒ കെ. ബാലന്റെ നേതൃത്വത്തിൽ എസ്.ഐ. രാജീവ്, ഓഫീസർമാരായ സന്തോഷ്, അനിൽ, ലിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.