
ഇടുക്കി എ.ആർ ക്യാമ്പിലെ അമീർ ഷാ സസ്പെൻഷനിൽ
പണം തട്ടിപ്പിന് ക്രൈംബ്രാഞ്ച്കേസെടുത്തു
കോട്ടയം: സഹപ്രവർത്തകരിൽ നിന്നും സ്നേഹിതരിൽ നിന്നും നാലുകോടിയിലധികം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ മുങ്ങി. തട്ടിപ്പ് നടത്തി ഒളിവിൽ പോയ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മുണ്ടക്കയം സ്വദേശി അമീർ ഷായെ (43) ഇടുക്കി പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. തട്ടിപ്പിനിരയായ എ.ആർ.ക്യാമ്പിലെ കൊല്ലം സ്വദേശിയായ പൊലീസുകാരന്റെ പരാതിയിലാണ് നടപടി. അഞ്ച് ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് വാങ്ങി പൊലീസുകാരൻ തട്ടിപ്പുനടത്തിയത്.
എ.ആർ ക്യാമ്പിലെ പല പൊലീസുകാരും തട്ടിപ്പിനിരയായതായി അറിവായിട്ടുണ്ട്. പൊലീസുകാർക്ക് പണമിടപാട് നടത്തുന്നതിൽ വിലക്കുള്ളതിനാൽ രേഖാമൂലം പരാതി നൽകാൻ ഇവരിൽ പലരും തയ്യാറായിട്ടില്ല.
പലിശ നൽകാമെന്ന ഉറപ്പിൽ പണം വാങ്ങി
രണ്ടുവർഷം മുമ്പ് ഓൺലൈൻ വ്യാപാരത്തിന്റെ പേരിലാണ് ഇയാൾ പലരിൽ നിന്നായി പലിശക്ക് പണം വാങ്ങിയത്. വസ്തുവരെ പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുത്തവരും ഇവരിൽ ഉൾപ്പെടുന്നു. അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നതോടെ അമീർ ഷായ്ക്കെതിരെ ഡിപ്പാർട്ടുമെന്റ് തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതേതുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സ്പെഷ്യൽബ്രാഞ്ച് അന്വേഷണത്തിലാണ് ഇയാൾ പലരെക്കൊണ്ടും ലോൺ എടുപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇയാൾ മുങ്ങിയതോടെ ഈ കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. വിശ്വാസ വഞ്ചനാക്കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ആദ്യം കൃത്യമായി പലിശ നൽകി
തട്ടിപ്പിനിരയായവർ കൂടുതലും എ.ആർ.ക്യാമ്പിലെ പൊലീസുകാരാണ്. നാണക്കേട് മൂലം ഇവരിൽ പലരും വിവരം പുറത്തുപറഞ്ഞില്ല. തുടക്കത്തിൽ എല്ലാവർക്കം കൃത്യമായി പലിശ നല്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന പലിശ നല്കാമെന്ന് പറഞ്ഞാണ് പണം പലരിൽനിന്നും വായ്പയായി വാങ്ങിയിരുന്നത്. നാലു കോടിയിലധികം രൂപ പലർക്കായി കൊടുക്കാനുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ടു മുതൽ പത്ത് ലക്ഷം രൂപ വരെ നഷ്ടമായ പൊലീസുകാരാണ് തട്ടിപ്പിനിരയായവരിൽ അധികവും.