
കോട്ടയം: മാന്നാനം കെ.ഇ.ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ ഇ-മെയിൽ ഹാക് ചെയ്ത് പണം തട്ടിയെടുത്തു. വിദ്യാർത്ഥിക്ക് ചികിത്സാസഹായം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ പേരിൽ സന്ദേശം അയക്കുകയായിരുന്നു. 40,000 രൂപയോളം പലപ്പോഴായി തട്ടിയെടുത്തിട്ടുണ്ട്. നൈജീരിയക്കാരും വടക്കേ ഇന്ത്യക്കാരും ചേർന്ന ലോബിയാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചു,
സ്കൂളിൽ പഠിക്കുന്ന ജോൺ വർഗീസ് എന്ന വിദ്യാർത്ഥിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയക്കായി 1,02,000 രൂപ ആവശ്യമണ്ടെന്നും സൂചിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രിൻസിപ്പലിന്റെ പേരിലായിരുന്നു സന്ദേശം. തുക സംഭാവന ചെയ്യാനാഗ്രഹിക്കുന്നവർ വിവരം അറിയിച്ചാൽ അക്കൗണ്ട് നമ്പർ ഉൾപ്പെടെ പിന്നാലെ അറിയിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ സൈബർസെല്ലിൽ പരാതി നൽകി. പണം നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരാഖണ്ഡ് കാശിപൂർ ശാഖയിൽ ജീഷൻ എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് (നമ്പർ 524002010010282, പാൻ നമ്പർ-സി.സി.എഫ്. പി.ജെ7098ജെ) പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.