കാസർകോട്: മഞ്ചേശ്വരം മാടയിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. നാല് കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മാടയിലെ മുഹമ്മദിന്റെ ബ്രൈറ്റ് മൊബൈൽ ഷോപ്പിൽ നിന്ന് 17 മൊബൈൽ ഫോണുകൾ കവർന്നു. മഞ്ചേശ്വരത്തെ സക്കീറിന്റെ ഉടമസ്ഥതയിലുള്ള സംസം ബേക്കറിയിൽ സാധനങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. മുഹമ്മദിന്റെ മാക്സ് മൊബൈൽ കടയിൽ നിന്ന് 11,000 രൂപ കവർന്നു. ഇതിന് സമീപത്തെ നാല് കടകളുടെ ഷട്ടറുകൾ തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്.
മോഷണ സംഘത്തിലെ രണ്ടുപേർ ഹെൽമറ്റും കൈയുറയും ധരിച്ച് കടകളുടെ ഷട്ടറുകൾ തകർക്കുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ പരിശോധനയ്ക്കെത്തും.
ഒരുമാസം മുമ്പ് ഹൊസങ്കടിയിലെ അഞ്ച് കടകളിൽ കവർച്ച നടത്തിയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഹൊസങ്കടി, മഞ്ചേശ്വരം, മാട, കുഞ്ചത്തൂർ എന്നിവിടങ്ങളിൽ രാത്രികാല പൊലീസ് പരിശോധന ഊർജിതമാക്കി വ്യാപാരികളുടെ ആശങ്ക അകറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബഷീർ കനില ആവശ്യപ്പെട്ടു.