ramesh

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ട് മാത്രമായി കണ്ടാൽ മതി.

സ്വർണക്കടത്തു കേസിലും ഡോളർകടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ പ്രതികൾ കോടതി മുമ്പാകെ നൽകിയിട്ടുള്ളത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ.സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി.

സ്വർണക്കടത്തും ഡോളർകടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മിഷൻ ഓഫ് ഇൻക്വയറീസ് ആക്ട് പ്രകാരം ജുഡിഷ്യൽ അന്വേഷണം നടത്തുന്നതെങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു.സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുൻപാകെ കൊടുത്ത മൊഴി മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടിൽ കയറ്റും. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജുഡിഷ്യൽ അന്വേഷണം കൊണ്ട് നേരിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.