തിരുവനന്തപുരം: കഴക്കൂട്ടത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കാനുള്ള നീക്കത്തിൽ നിന്ന് ബി.ജെ.പി പിന്മാറണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും പ്രചാരണത്തിന് കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിൽ എത്തുമ്പോൾ തന്നെ അവഗണിക്കുന്നതിൽ കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് നിരാശയും പ്രതിഷേധവും ഉണ്ടാകാം. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴക്കൂട്ടത്ത് സംഘർഷം സൃഷ്ടിക്കുകയല്ല വേണ്ടതെന്ന് സ്ഥാനാർത്ഥി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോദ്ധ്യംവന്നപ്പോൾ ആരോ കൊല്ലാൻ വരുന്നു എന്നൊക്കെ വിളിച്ചുകൂവുന്ന മനോനില കഴക്കൂട്ടത്തുകാർക്ക് അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.