
തിരുവനന്തപുരം: ഭാവികേരളത്തെ രൂപപ്പെടുത്തേണ്ടത് എങ്ങനെയെന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയെന്ന് എ.ഐ.സി.സി വക്താവ് പവൻ ഖേര. തുറന്ന സംവാദത്തിലൂടെ രൂപപ്പെട്ട പ്രകടന പത്രികയാണ് യു.ഡി.എഫ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രകടന പത്രികയുടെ ഉള്ളടക്കം ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പൊതുനയകാര്യ വിഭാഗം, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ, ഫ്രീ തിങ്കേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.
കെ.പി.സി.സി പൊതുനയകാര്യ വിഭാഗം ചെയർമാൻ ജോൺ സാമുവൽ മോഡറേറ്ററായിരുന്നു. കേന്ദ്ര സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.എ രാധാകൃഷ്ണൻ നായർ, എ.ഐ.പി.സി തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി പി.എസ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് കെ.ജി വിജയലക്ഷ്മി,മിനി മോഹൻ, മാത്യു ആന്റണി, കൃഷ്ണ കുമാർ, അനിൽകുമാർ പി.വൈ എന്നിവർ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രതിനിധികളും ഓപ്പൺ ഫോറത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.