iridium

കൊച്ചി: നിക്ഷേപക ലോകത്തെ മിന്നുംതാരമാണ് ഇപ്പോൾ ബിറ്റ്‌കോയിൻ. ഓഹരി, കടപ്പത്രം, സ്വർണം തുടങ്ങിയ പരമ്പരാഗത നിക്ഷേപമാർഗങ്ങളെയെല്ലാം കൈവിട്ട് നിക്ഷേപകർ ഈ 'സാങ്കല്‌പിക നാണയം" വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. ബിറ്റ്‌കോയിൻ ഉപയോഗിച്ചും ടെസ്‌ല കാർ വാങ്ങാമെന്ന് കമ്പനിയുടെ സി.ഇ.ഒ എലോൺ മസ്‌ക് അടുത്തിടെ പറഞ്ഞത്, അതിന്റെ വർദ്ധിക്കുന്ന പ്രസക്തി വ്യക്തമാക്കുന്നു.

പക്ഷേ, ഇതിനെല്ലാമിടയിൽ രഹസ്യമായി മുന്നേറുന്ന ഒരു താരമുണ്ട്; ഇറിഡിയം! ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ളാറ്റിനം, പലാഡിയം എന്നിവയുടെ ഉപോത്പന്നമായ ഈ ലോഹം നിക്ഷേപകർക്ക് ഈവർഷം ജനുവരി മുതൽ ഇതുവരെ സമ്മാനിച്ച ലാഭം 131 ശതമാനമാണ്. ബിറ്റ്‌കോയിൻ നൽകിയത് 85 ശതമാനം മാത്രം. ആഭരണങ്ങൾ, ഇലക്‌ട്രോണിക് സ്‌ക്രീനുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഇറിഡിയത്തിന് കഴിഞ്ഞവർഷം മുതൽ ലഭിച്ച മികച്ച ഡിമാൻഡാണ് ഊർജമായത്. ഉത്പാദനക്കുറവും കരുത്തായി.

ഉത്പാദകരും നിക്ഷേപകരും തമ്മിലെ നേരിട്ടുള്ള ഡീലാണ് ഇറിഡിയത്തിന്റെത്. വെള്ളിയുടെ അതേ നിറമാണ്. കമ്മോഡിറ്റി മാർക്കറ്റിലോ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ (ഇ.ടി.എഫ്) ഇറിഡിയമില്ല. റീട്ടെയിൽ നിക്ഷേപകർ ഇതു വാങ്ങാറില്ല. വ്യവസായ ലോകത്തിനാണ് ഇറിഡിയത്തിന്റെ ആവശ്യം. അവർ, ഉത്‌പാദകരുമായി നേരിട്ട് ഇടപാട് നടത്തുന്നതാണ് പതിവ്. കഴിഞ്ഞ ആഗസ്‌റ്റിൽ ഔൺസിന് 1000-1500 ഡോളർ നിരക്കിലായിരുന്ന ഇറിഡിയം വില ഇപ്പോഴുള്ളത് 6,000 ഡോളറിലാണ്.

പേന മുതൽ പേടകം വരെ

ഇറിഡിയം ചില്ലറക്കാരനല്ല. പേനയുടെ നിബ് മുതൽ ബഹിരാകാശ പേടകം വരെ നിർമ്മിക്കാൻ ഇറിഡിയത്തിന്റെ പങ്കുണ്ട്. ആഭരണങ്ങൾ, ഇലക്‌ട്രോണിക് സ്‌ക്രീനുകൾ, സെമികണ്ടക്‌ടറുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിലും ഉപയോഗിക്കുന്നു. ദക്ഷിണാഫ്രിക്കയാണ് പ്രധാന ഉത്‌പാദക രാജ്യം. പീരിയോഡിക് ടേബിളിൽ ആറ്റോമിക് നമ്പർ - 77 ആണ് ഇറിഡിയത്തിന്റേത്. ചുരുക്കെഴുത്ത് : Ir

ബിറ്റ്‌കോയിനിൽ ആശങ്ക

ആഗോളതലത്തിൽ സ്വീകാര്യതയുണ്ടെങ്കിലും ഇന്ത്യയിലെ സ്ഥിതിഗതികൾ ബിറ്റ്കോയിന് ആശങ്കയാകുന്നുണ്ട്. സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളെ നിരോധിക്കാനുള്ള നീക്കം കേന്ദ്രവും റിസർവ് ബാങ്കും വീണ്ടും തുടങ്ങിയിട്ടുണ്ട്. പകരം, ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ നാണയം അവതരിപ്പിക്കാനാണ് നീക്കം. ഇത്, ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഇടിയാൻ ഇടവരുത്തിയേക്കും.

ബിറ്റ്‌കോയിന്റെ മൂല്യക്കുതിപ്പ്:

2010 : $0.0008

2013 : $250

2016 : $959

2017 : $18,940

2020 : $29,400

2021 : $60,000