
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സിറാജ് മാനേജ്‌മെന്റിന്റെ പരാതിയിൽ
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ മറികടന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരായി തമിഴ്നാട്ടിൽ ചുമതല നൽകിയ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനെയും, ആസിഫ് കെ യൂസുഫിനെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിച്ചു.
മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിയോഗിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്നാണ് നിയമനമെന്ന് സിറാജ് മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി പരിഗണിച്ചാണ് തിരിച്ചു വിളിച്ചത്.സിവിൽ സർവീസ് പരീക്ഷയിൽ വ്യാജ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസുഫ് .
ഇരുവർക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജാഫർ മാലിക് എന്നിവരെയാണ് നിയോഗിച്ചത്. തമിഴ്നാട്ടിലെ തിരുവൈക നഗർ, എഗ്മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നൽകിയിരുന്നത്.