
കൊച്ചി: ആഡംബര വാഹനശ്രേണിയിലെ മത്സരത്തിന് കടുപ്പംകൂട്ടി പ്രമുഖ ജർമ്മൻ ബ്രാൻഡായ ഔഡിയുടെ പുതിയ എസ്5 സ്‌പോർട്ബാക്ക് ഇന്ത്യയിലെത്തി. ലക്ഷ്വറിയുടെ വേലിക്കെട്ടുകൾ തകർത്ത അഴകാർന്ന രൂപകല്പനയും അത്യാധുനിക ഫീച്ചറുകളും മികച്ച പെർഫോമൻസുള്ള എൻജിനുമാണ് മികവുകൾ. 354 എച്ച്.പി കരുത്തുള്ളതാണ് 3.0 ലിറ്റർ, ട്വിൻ-ടർബോ ടി.എഫ്.എസ്.ഐ പെട്രോൾ എൻജിൻ. ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ് സംവിധാനവും നൽകിയിരിക്കുന്നു. 500 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.8 സെക്കൻഡ് ധാരാളം.
8-സ്‌പീഡ് ടിപ്ട്രോണിക്‌സ് ഗിയർ ബോക്‌സ് മറ്റൊരു മികവാണ്. നാലു ഡോറുകളുള്ള ഈ സ്‌പോർട് കൂപ്പേ പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലാണ്. സെൽഫ് ലോക്കിംഗ് സെന്റർ ഡിഫറൻഷ്യൽ, ഗ്രാഫൈറ്റ് അലോയ് വീലുകൾ, മികച്ച എസ്-സ്‌പോർട്സ് സസ്‌പെൻഷൻ, സ്‌പോർട്സ് മോഡ് വ്യൂ ഉള്ള ഔഡി വിർച്വൽ കോക്‌പിറ്റ് പ്ളസ്, ഡൈനാമിക് ടേൺ സിഗ്‌നലുകളോട് കൂടിയ മെട്രിക്‌സ് എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഇലക്‌ട്രിക് ബൂട്ട് ലിഡ് ഫംഗ്ഷനുള്ള കംഫർട്ട് കീ, പ്രീമിയം സൗണ്ട് സിസ്‌റ്റം, ആധുനിക നാവിഗേഷൻ എന്നിങ്ങനെയും ഫീച്ചറുകൾ ഒട്ടേറെ കാണാം.