
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നയതന്ത്ര പ്രതിനിധികളെയും ഫൈസൽ ഫരീദിനെയും നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയാതിരിക്കുകയും സംസ്ഥാനത്ത് സജീവ തിരഞ്ഞെടുപ്പ് വിഷയമായി സ്വർണക്കടത്ത് മാറുകയും ചെയ്തതിനിടെ കള്ളക്കടത്തിനൊപ്പം ഇതിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വർദ്ധിച്ചു. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ സ്വർണക്കടത്തുകാരുടെ കാരിയറായിരുന്ന ബിന്ദുവെന്ന യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കഴിഞ്ഞയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരനായ മൊറയൂർ സ്വദേശിയായ വിഷ്ണുവിനെയാണ് (29) വിമാനത്താവളത്തിനടത്തുള്ള നയാ ബസാറിലെ ഭാര്യവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവവും സ്വർണക്കള്ളക്കടത്തിന് പിന്നിലുള്ള ക്രിമിനൽ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
ഭാര്യവീട്ടിൽ നിന്ന് തട്ടിക്കാെണ്ടു പോയി മർദ്ദിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന വിഷ്ണുവിനെ ഭാര്യവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് കണ്ടെത്തിയപ്പോഴാണ് കള്ളക്കടത്തിന് പിന്നിലുള്ള ക്രിമിനൽ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടെയും ചുരുളഴിഞ്ഞത്.
കൊണ്ടോട്ടി തുറയ്ക്കൽ സ്വദേശികളായ ഫായിസ് ഫവാസ് (26), മുഹമ്മദ് ഫായിസ് (25), മുഹമ്മദ് ജസീർ (26), വള്ളുവമ്പ്രം വെള്ളൂർ സ്വദേശി ഷംസാൻ (26) എന്നിവരെ വിഷ്ണുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. കള്ളക്കടത്ത് സംഘത്തിനുവേണ്ടി കഴിഞ്ഞ 17-ന് വിമാനത്താവളത്തിലെ ടോയ് ലറ്റിൽ ഒളിപ്പിച്ച ഒരു കിലോ സ്വർണമിശ്രിതം പുറത്തെത്തിച്ച് നൽകാമെന്ന് വിഷ്ണു ഏറ്റിരുന്നു. ഇതനുസരിച്ച് സ്വർണമെടുത്ത് തന്റെ ചോറ്റുപാത്രത്തിലാക്കി ബാഗിലിട്ട് വിഷ്ണു ഒളിപ്പിച്ചെങ്കിലും ഈ സ്വർണം ബാഗിൽനിന്ന് നഷ്ടപ്പെട്ടു. രാത്രി പത്തോടെ സ്വർണം നഷ്ടപ്പെട്ട വിവരം വള്ളുവമ്പ്രത്തുള്ള കള്ളക്കടത്ത് സംഘാംഗത്തെ വിഷ്ണു അറിയിച്ചു. സ്വർണം യുവാവ് കൈക്കലാക്കിയതാണെന്ന് കരുതിയാണ് കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ മലയിൽ കൊണ്ടുപോയി വിഷ്ണുവിനെ മർദ്ദിച്ച സംഘം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പൊലീസിൽ പരാതി നൽകിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി.
ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതും കള്ളക്കടത്ത് സംഘം
മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് രണ്ട് മാസം മുൻപ് സ്വർണക്കള്ളക്കടത്ത് കേസ് കത്തിനിൽക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. ക്വട്ടേഷൻ സംഘങ്ങളും ഗുണ്ടാത്തലവൻമാരും അടങ്ങുന്ന ഇരുപതോളം ആളുകൾ വീട് ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. ഗൾഫിൽ നിന്ന് നാട്ടിലെത്തിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ഇവരെ പൊലീസ് അന്വേഷണം ശക്തമായതോടെ പാലക്കാടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.വാരിയെല്ലിന് പരിക്കേറ്റ ബിന്ദു പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി തന്നെ കസ്റ്റംസിനോടും ഇ.ഡി ഉദ്യോഗസ്ഥരോടും പൊലീസിനോടും സമ്മതിച്ചിട്ടുണ്ട്. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ ബിന്ദു സ്വർണ്ണം എത്തിച്ചു നൽകിയിരുന്നു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ, ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല.
സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൊലീസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഹനീഫയെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നേറുന്നത്. ഗൾഫിൽ നിന്ന് എത്തിയപ്പോഴെല്ലാം ഹനീഫയാണ് സ്വർണമടങ്ങിയ പൊതികൾ തന്നെ ഏൽപ്പിച്ചതെന്നും ബിന്ദു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ക്രിമിനൽ സംഘത്തിലെ അഞ്ചുപേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലുണ്ട്.
കളളക്കടത്തിന് കുറവില്ല
രാജ്യാന്തര ബന്ധമുളള കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ പുറത്താകുകയും അന്വേഷണവും അറസ്റ്റും തുടരുകയും ചെയ്തിട്ടും ഇപ്പോഴും സംസ്ഥാനത്തേക്കുള്ള സ്വർണക്കള്ളക്കടത്തിന് കുറവില്ല. മലബാർ മേഖല കേന്ദ്രീകരിച്ചുളള സംഘമാണ് കള്ളക്കടത്തിന് പിന്നിൽ. കഴിഞ്ഞ ദിവസവും
മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.10 കോടി രൂപയുടെ 2.41 കിലോഗ്രാം സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിലായി. കാസർകോട് സ്വദേശിനി സമീറ മുഹമ്മദലിയെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്. ദുബായിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും സിഗരറ്റ് പായ്ക്കറ്റിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.
ആറുവർഷത്തിനിടെ പിടിച്ചത്1,327 കിലോ സ്വർണം
സംസ്ഥാനത്ത് 2015-മുതൽ 2021-ഫെബ്രുവരിവരെ കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലത്ത് മാത്രം 533.91 കിലോ സ്വർണം പിടികൂടി. ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് 2,224 കേസുകളാണ്. വിമാനത്താവളങ്ങളിൽ നിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും.