
കോവളം: വിഴിഞ്ഞത്തും വാഴമുട്ടത്തുമുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞത്ത് ഇന്നലെ വൈകിട്ട് 5.30ഓടെ ഫെഡറൽ ബാങ്കിന് സമീപത്ത് റോഡിൽ പടർന്ന ഓയിലിൽ തെന്നിവീണ് സ്‌കൂട്ടർ യാത്രക്കാരനാണ് സാരമായി പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം ഫയർഫോഴ്സ് യൂണിറ്റെത്തി റോഡിലെ ഓയിൽ കഴുകി അപകടാവസ്ഥ ഒഴിവാക്കി. വാഴമുട്ടത്ത് ഇന്നലെ രാത്രി 9ഓടെയാണ് അപകടം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ആദ്യം ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ ഇയാളുടെ കാലിലൂടെ കയറിയിറങ്ങുകയും ചെയ്‌ത ശേഷം നിറുത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോവളം പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.