പുൽപ്പള്ളി: വയനാട് അതിർത്തിയിൽ കബനി തീരത്തോട് ചേർന്ന ഭാഗത്തെ മുളങ്കൂട്ടങ്ങൾ കർണാടക അതിർത്തി ഗ്രാമവാസികൾ കൂട്ടത്തോടെ വെട്ടിയെടുത്തു. പെരിക്കല്ലൂർ തീരത്തെ മുളങ്കൂട്ടങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി വെട്ടിയെടുത്തത്. വർഷങ്ങൾക്ക് മുമ്പ് കബനി തീരത്ത് മരുക്കാറ്റും മറ്റും തടയുന്നതിനായാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും മുളതൈകൾ നട്ടുപിടിപ്പിച്ചത്.
പടർന്ന്പന്തലിച്ച് കിടക്കുന്ന ഇവ ഏറെ ഹരിതാഭവുമായിരുന്നു. പുഴയിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒരു പരിധി വരെ അതിന്റെ ശക്തി കുറച്ചിരുന്നതും ഈ മുളങ്കൂട്ടങ്ങളായിരുന്നു.
കേരള - കർണാടക അതിർത്തി തിരിച്ചൊഴുകുന്ന കബനിയുടെ ഇരുഭാഗത്തും മുളങ്കൂട്ടങ്ങളുണ്ട്. എന്നാൽ കർണാടക ഭാഗത്തെ മുള വെട്ടാൻ വനപാലകർ അനുവാദം നൽകാറില്ല. ഇതേത്തുടർന്നാണ് കേരള അതിർത്തിയിലുള്ള മുളകൾ ഇവർ വെട്ടി പുഴക്കപ്പുറം എത്തിച്ചത്. വിവിധ കൃഷികൾക്ക് താങ്ങുകാലിനും മറ്റുമായാണ് മുള വെട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.