കരിങ്കുന്നം: സ്വകാര്യ വഴി പഞ്ചായത്ത് അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്തതിനെ തുടർന്ന് സമീപത്തെ കൃഷിയിടം മഴവെള്ളമൊഴുകി നശിക്കുന്നതായി പരാതി. നെല്ലാപ്പാറ കൊച്ചുപ്ലാക്കൽ കെ. വാസുദേവനാണ് കരിങ്കുന്നം പഞ്ചായത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ വീഴ്ച സംഭവിച്ചെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കണ്ടെത്തുകയും പരാതി പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടും കരിങ്കുന്നം പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷപം. നെല്ലാപ്പാറ കുരിശുപള്ളി- തോട്ടുങ്കൽ നടപ്പുവഴി വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികൾ നിർമിച്ചതാണ്. ഈ വഴിയാണ് ഉടമയുടെ അനുമതിയില്ലാതെ പഞ്ചായത്ത്മൂന്നര ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്തത്. വഴിയിൽ മക്കിട്ട് ഉയർത്തി കൃഷി ഭാഗത്തേക്ക് ചരിവ് വരുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്തതിനാൽ മഴവെള്ളം കുത്തിയൊഴുകി തന്റെ കൃഷിയിടമാകെ നശിക്കുന്നതായാണ് വാസുദേവന്റെ പരാതി. മേൽമണ്ണ് ഒലിച്ചുപോവുകയും കയ്യാലയുടെ അടിഭാഗം കുഴിഞ്ഞുപോവുകയും ചെയ്തു. ആറ് റബർ മരങ്ങളും നശിച്ചു. ഫണ്ട് പൂർണമായും വിനിയോഗിക്കാതെയുള്ള പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തിയെ തുടർന്നാണ് കൃഷിയിടത്തിലേക്ക് മഴ വെള്ളം ഒഴുകിയെത്തുന്നെന്ന് വാസുദേവന്റെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പഞ്ചായത്ത് മന്ത്രി, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതിന് പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണുന്നതിന് മാർഗ നിർദേശങ്ങളോടെ കഴിഞ്ഞ സെപ്തംബറിൽ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് പഞ്ചായത്ത് സെക്രട്ടറി കേരളകൗമുദിയോട് പറഞ്ഞു.