ഇടുക്കി: സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ഏലം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കുന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല. ഇന്ത്യയിൽ ഏറ്റവുമധികം കാറ്റുവീശുന്ന സ്ഥലമെന്ന് അനർട്ട് സർവേയിലൂടെ കണ്ടെത്തിയ രാമക്കൽമേടും ഈ മണ്ഡലത്തിലാണ്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം ഏലം, കുരുമുളക്, തേയില തുടങ്ങിയവയുടെ കൃഷിയും വിനോദസഞ്ചാരവുമാണ്. പീരുമേടും ദേവികുളവും കഴിഞ്ഞാൽ തമിഴ് തോട്ടംതൊഴിലാളികൾ ഏറെയുള്ള പ്രദേശം. ഈഴവ- ക്രിസ്ത്യൻ വോട്ടർമാരാണ് ഭൂരിപക്ഷവും. ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലം. രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫ് കൈപിടിയിലൊതുക്കിയ ഉടുമ്പൻചോലയെ 2016 മുതൽ പ്രതിനിധീകരിക്കുന്നത് വൈദ്യുതി മന്ത്രി കൂടിയായ എം.എം. മണിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി കോൺഗ്രസിലെ സേനാപതി വേണുവിനെ 1109 വോട്ടിനാണ് പരാജയപ്പെടുത്തിയത്ത്. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. തുടർച്ചയായ രണ്ട് പ്രളയങ്ങളും കൊവിഡും വന്നിട്ടും മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിലും ജില്ലയിലാകെയും നടത്തിയ മികച്ച പ്രവർത്തനം നാട്ടുകാരുടെ സ്വന്തം മണിയാശന്റെ പ്രതിച്ഛായ വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. അതാണ് രണ്ടാമതൊന്ന് ആലോചിക്കാതെ എം.എം. മണി തന്നെ മത്സരിക്കട്ടെയെന്ന് പാർട്ടി തീരുമാനിച്ചത്. അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിയാരെന്ന് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച സേനാപതി വേണു, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ്. അശോകൻ, കട്ടപ്പന മുൻ നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അന്തിമതീരുമാനം എ.ഐ.സി.സിയുടേതാകും. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ കഴിഞ്ഞതവണ എൻ.ഡി.എ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രതീക്ഷയിൽ മുന്നണികൾ
കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ വരവോടെ എളുപ്പത്തിൽ വിജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ഇതിന് പിൻബലമായി തദ്ദേശതിരഞ്ഞെടുപ്പ് ഫലമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. മണ്ഡലത്തിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടൻമേട്, ഇരട്ടയാർ, ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ എന്നീ മുഴുവൻ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഇപ്പോൾ ഭരിക്കുന്നത്. നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട് എന്നീ മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുമുണി നേടിയിരുന്നു. ഇതിന് മറുപടിയായി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് യു.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലത്തിൽ നിന്ന് ഡീൻ കുര്യാക്കോസ് 12250 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇതിൽ ഉടുമ്പൻചോല ഒഴികെ മുഴുവൻ പഞ്ചായത്തിലും ഡീൻ ലീഡ് നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിലെ സജി പറമ്പത്ത് 21,799 വോട്ടാണ് നേടിയിരുന്നു. ഇത്തവണ നില കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് അവർ.
2016ലെ തിരഞ്ഞെടുപ്പ് ഫലം
എം.എം. മണി (എൽ.ഡി.എഫ്)- 50813
സേനാപതി വേണു (യു.ഡി.എഫ്)- 49704
സജി പറമ്പത്ത് (എൻ.ഡി.എ)- 21799
എൽ. ഡി. എഫ് ഭൂരിപക്ഷം- 1109