ചെറുതോണി: ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ റെസ്‌ക്യൂ ഷെൽട്ടർ നിർമ്മണത്തിനു വേണ്ടി നാലു പതിറ്റാണ്ടിലേറെയായി ജില്ലാസ്ഥാനത്ത് തിലകക്കുറിയായി നിൽക്കുന്ന പൈനാവ് പൂർണ്ണിമ ഗ്രൗണ്ടില്ലാതാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഏക്കറുകണക്കിന് ഭൂമി ജില്ലാസ്ഥാനത്ത് റെവന്യൂവകുപ്പിനും പൊതുമരാമത്തു വകുപ്പിനും ജില്ലാപഞ്ചായത്തിനുമുള്ളപ്പോഴാണ് നിലവിൽ വാഴത്തോപ്പ് പഞ്ചായത്തിൽ കായിക പരിശീലനത്തിനുപയോഗിക്കുന്ന ഗ്രൗണ്ടിൽ തന്നെ നിർമ്മാണം നടത്താൻ തീരുമാനമെടുത്തതിൽ ദുരൂഹതയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശീയ ക്രിക്കറ്റ് താരം അനീഷ് രാജനുൾപ്പെടെ നൂറുകണക്കിനു കായിക താരങ്ങളെ വളർത്തിയെടുത്ത വാഴത്തോപ്പിൽ നിലവിലുള്ള ഏക ഗ്രൗണ്ട് ഇല്ലാതാക്കാനുള്ള ഏതുശ്രമത്തെയും കൂട്ടായസമരംകൊണ്ട് ചെറുക്കുമെന്ന് സമരസമിതി നേതാക്കളായ ആൽബിൻ മാത്യു, അബിൻ വിൻസെന്റ്, ശരത്കുമാർ തുടങ്ങിയവർ അറിയിച്ചു.