കട്ടപ്പന: നഗരസഭയുടെ സമ്പൂർണ മാലിന്യ നിർമാർജന പദ്ധതി കാര്യക്ഷമമല്ലെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പല വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു. നിർമാർജനം നിലച്ചതോടെ ആളൊഴിഞ്ഞ സ്ഥലത്തും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നത് സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ ബീന ജോബി പറഞ്ഞു.
മിനി സ്റ്റേഡിയത്തിന് സമീപം അംബദ്കർ സ്മൃതി മണ്ഡപം സ്ഥാപിക്കാൻ നഗരസഭ വൈമനസ്യം കാട്ടുകയാണെന്ന് കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു. എന്നാൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രതിമ സ്ഥാപിക്കാൻ നഗരസഭ തയാറാണെന്നും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മുൻ അദ്ധ്യക്ഷൻ കൂടിയായ ജോണി കുളംപള്ളി മറുപടി നൽകി. നിർദിഷ്ട സ്ഥലത്തെ മണ്ഡപങ്ങളും കൊടിമരങ്ങളും ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.
കെ.എസ്.ആർ.ടി.സിക്ക് താത്കാലികമായി വിട്ടുനൽകിയ പഴയ സ്റ്റാൻഡിലെ കെട്ടിടം നഗരസഭ ഏറ്റെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. പുനർ നിർമാണം നടത്തി ഡിപ്പോ വെള്ളയാംകുടിയിൽ പ്രവർത്തനമാരംഭിച്ചു. അതിനാൽ നഗരസഭയുടെ ഉടമസ്ഥതയിൽ പഴയ സ്റ്റാൻഡിലുള്ള മുറി ഇപ്പോൾ ഉപയോഗിക്കുന്നില്ല. അത് ഏറ്റെടുത്ത് പഴയതുപോലെ കർഷക ചന്ത നടത്താൻ വിനിയോഗിക്കണമെന്നും ആവശ്യം ഉയർന്നു.