തൊടുപുഴ: അഴിമതിയുടെ കാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അഴിമതി സാർവത്രികമായി. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കൂ. ഇത് തിരിച്ചറിഞ്ഞാണ് മെട്രോമാൻ ശ്രീധരനെ പോലുള്ളവർ ബി.ജെ.പിയിലേക്ക് വരുന്നത്.
വിജയയാത്രയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ബി.ജെ.പിയിൽ ചേരുന്നത് നരേന്ദ്രമോദിയുടെ വികസന നയത്തിനുള്ള അംഗീകാരമാണ്. പിണറായി വിജയന്റെ തള്ള് പോലെയല്ല
നരേന്ദ്രമോദിയുടെ വികസനം. മോദി ലോകത്തെ ആരോഗ്യമേഖലയുടെ ഹബ്ലാക്കി ഇന്ത്യയെ മാറ്റി. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്ന് കൊവിഡ് വാക്‌സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നു. മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്‌സിനായി കാത്തിരിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. തൊടുപുഴക്കാരിയായ ആരോഗ്യപ്രവർത്തക റോസമ്മ അനിലാണ് ഇന്നലെ പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകുന്നതിന് നേതൃത്വം നൽകിയത്. കേരളം എന്തിലാണ് നമ്പർ വൺ. തൊഴിലില്ലായ്മയിലും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമെന്ന നിലയിലുമാണ് കേരളം നമ്പർ വൺ. സ്ത്രീപീഡനത്തിലും ദളിത് പീഡനത്തിലും അക്രമ രാഷ്ട്രീയത്തിലും തീവ്രവാദത്തിലും കേരളം നമ്പർ വൺ ആണ്. ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർക്ക് മനസിലായി കഴിഞ്ഞു. ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യയമായെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ എം.ടി. രമേശ്, ജെ.ആർ. പത്മകുമാർ, ഡോ. ജെ. പ്രമീള ദേവി, വി. ജയേഷ്, പി. രാജൻ, ജോർജ് കുര്യൻ, കൃഷ്ണകുമാർ, പി. സുധീർ, പ്രഫുൽ കൃഷ്ണ, അഡ്വ. നിവേദിത, സന്ദീപ് വാര്യർ, പി.ബി രാജൻ, നാരായണൻ നമ്പൂതിരി, രേണു സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.