തൊടുപുഴ: ബംഗാളിലും ത്രിപുരയിലും മാറ്റമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുമെങ്കിൽ കേരളത്തിലും അത് നടക്കുമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കേരളം ഭരിക്കുന്ന കാലം അതിവിദൂരമല്ല. മാറി മാറി ഭരിച്ച മുന്നണികളോടുള്ള ജനങ്ങളുടെ അമർഷം ബി.ജെ.പിക്ക് നേട്ടമായി മാറും. കേരളത്തിൽ ബി.ജെ.പിക്ക് അനുകൂലമായുള്ള രാഷ്ട്രീയ സാഹചര്യമാണെന്ന് വ്യക്തമാണ്. ഇടതുവലത് സർക്കാരുകൾ മാറി മാറി ഭരിച്ച് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുകയാണ്. വിജയയാത്ര തിരുവനന്തപുരത്തെത്തുമ്പോൾ കേരളത്തിൽ വലിയ പരിവർത്തനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ ഭാരതം ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്ന ശക്തിയായി മാറി കഴിഞ്ഞു. ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും വലിയ സ്വീകര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു.