തൊടുപുഴ: കുത്തകകൾക്കും ഭൂമാഫിയകൾക്കും വേണ്ടി അന്നും ഇന്നും നിലപാടെടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂരഹിതരുടെ ഭൂമിപ്രശ്‌നത്തിൽ കൈയേറ്റക്കാരുടെയും മാഫിയയുടെയും ഒപ്പം നിൽക്കുന്നയാളാണ് മുഖ്യമന്ത്രി. ഇടുക്കിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദൻ ശ്രമിച്ചപ്പോൾ തടഞ്ഞത് പിണറായി വിജയനായിരുന്നു. ഇടുക്കി പാക്കേജ് പ്രഖ്യാപനം സർക്കാരിന്റെ പി.ആർ പ്രചരണം മാത്രമായി മാറി. ഭൂരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടത്തുന്ന പട്ടയമേള വെറും പ്രഹസനമായി മാറി. ഇടുക്കിയിലെ സ്ഥലങ്ങളെല്ലാം കോർപ്പറേറ്റുകളുടെ കൈയിലാണ്. കേരളത്തിൽ എല്ലാവർക്കും നൽകാൻ ഭൂമി ഉണ്ടായിട്ടും മുതലാളിമാരെ പ്രീണിപ്പിക്കാൻ സർക്കാർ ഇത് അട്ടിമറിക്കുകയാണ്. പ്രളയ പുനരധിവാസം പോലും ഇതുവരെ നടന്നില്ല. ഇടുക്കി ജില്ലയിലെ പല തോട്ടങ്ങളും അടഞ്ഞ് കിടക്കുകയാണ്. തൊഴിലാളി വർഗ പാർട്ടിയെന്നറിയപ്പെടുന്ന സി.പി.എം തൊഴിലാളികളെ വഞ്ചിക്കുകയാണ്. എൽ.ഡി.എഫ് സർക്കാരിന്റെ വികസനവാദം പൊള്ളയാണ്. കിഫ്ബിയുടെ മറവിൽ അഴിമതി മാത്രമാണ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നേരിടുന്നത് എൻഡിഎയാണ്. സി.പി.എമ്മും കോൺഗ്രസും ഒരേ മുന്നണിയിൽ സഖ്യത്തിലായവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇരു മുന്നണികളും ധാരണയിലെത്തിയതായും സുരേന്ദ്രൻ പറഞ്ഞു.