ഇടുക്കി: തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറടക്കം കേരളത്തിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന സുന്ദരിയായ നിയോജകമണ്ഡലമാണ് ദേവികുളം. ഇരവികുളം ദേശിയോദ്യാനവും നീലക്കുറിഞ്ഞിയും വരയാടുകളുമെല്ലാം ദേവികുളത്തിന്റെ മാത്രം സ്വന്തം. എവിടെ നോക്കിയാലും മഞ്ഞ് പുതച്ച തേയിലതോട്ടങ്ങൾ നിറഞ്ഞ മണ്ഡലത്തിലേറെയും തമിഴ് തോട്ടംതൊഴിലാളികളാണ് അധിവസിക്കുന്നത്. കേരളം രൂപീകൃതമായതിനുശേഷം 1957ലെ പ്രഥമ നിയമസഭയിൽ സംസ്ഥാനത്ത് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എയായ റോസമ്മ പുന്നൂസ് ദേവികുളം മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺവാലി, ചിന്നക്കനാൽ, പള്ളിവാസൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം. നിലവിൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തെ 2006 മുതൽ പ്രതിനിധീകരിക്കുന്നത് എസ്. രാജേന്ദ്രനാണ്. 1991 മുതൽ മൂന്ന് തവണ തുടരെ വിജയിച്ച എ.കെ. മണിയിൽ നിന്ന് എസ്. രാജേന്ദ്രൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മൂന്നു തവണയായി സി.പി.എമ്മിന്റെ കൈകളിലാണെങ്കിലും ഇരു മുന്നണികളും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നുമാണിത്. തമിഴ് മേഖലയിൽ നിന്നുള്ളവരെയാണ് എസ്.സി സംവരണ മണ്ഡലമായ ഇവിടെ മുന്നണികൾ സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്. വോട്ടിംഗ് നിലവാരത്തിൽ തമിഴ് വംശജർ കൂടുതലുള്ളതിനാൽ ഇക്കുറിയും തമിഴ് വംശജരെ തന്നെയാകും മുന്നണികൾ രംഗത്തിറക്കുക. തോട്ടം മേഖലയിൽ നിന്ന് മത്സരിക്കുന്നവരുടെ ജയസാധ്യത കൂടുതലെന്ന വിലയിരുത്തലാണ് കാരണം.
എസ്. രാജേന്ദ്രൻ മൂന്ന് തവണ മത്സരിച്ചതിനാൽ സി.പി.എം തീരുമാനപ്രകാരം ഇത്തവണ അവസരം ലഭിക്കേണ്ടതില്ല. എന്നാൽ, സിറ്റിംഗ് എം.എൽ.എ എന്ന നിലയിലും വിജയ സാദ്ധ്യത പരിഗണിച്ചും രാജേന്ദ്രന് വീണ്ടും ഒരവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എ. രാജ, ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ എന്നിവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടേത്.
അതേസമയം യു.ഡി.എഫിൽ ആറ് തവണ തിരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസിലെ എ.കെ. മണിയെ കൂടാതെ പുതുമുഖങ്ങളും സീറ്റിനായി പരിഗണനയിലുണ്ട്. കോൺഗ്രസിൽ നിന്ന് ഡി. കുമാർ, ആർ. രാജാറാം, മുത്തുരാജ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി അന്തിമപട്ടിക തയ്യാറാക്കി എ.ഐ.സി.സിക്ക് നൽകും. ഘടകകക്ഷിയായ അണ്ണാ ഡി.എം.കെയിൽ നിന്നാകും ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.
50- 50 ചാൻസ്
പുതിയ സ്ഥാനാർത്ഥികളാണെങ്കിൽ ഇരുമുന്നണികൾക്കും തുല്യ സാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമാണിത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഏഴ് ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫും അഞ്ച് ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫുമാണ് വിജയിച്ചത്. ഒന്നുവീതം ബ്ലോക്ക് പഞ്ചായത്തുകളാണ് എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികൾ ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിൽ രണ്ടെണ്ണം എൽ.ഡി.എഫിനാണ്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.
2016ലെ വോട്ടിംഗ് നില
എസ്. രാജേന്ദ്രൻ (എൽ.ഡി.എഫ്)- 49,510
എ.കെ.മണി (യു.ഡി.എഫ്)- 43,728
എൻ. ചന്ദ്രൻ (എൻ.ഡി.എ)- 9562
ഭൂരിപക്ഷം- 5,782