തൊടുപുഴ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ജില്ലയിലെ പൊതു ഗതാഗത സംവിധാനത്തെ സാരമായി ബാധിച്ചു. സ്വകാര്യ ബസുകളും ആട്ടോറിക്ഷ, ടാക്‌സി വാഹനങ്ങളും നിരത്തിലിറക്കാതെ പണിമുടക്കിൽ പങ്കു ചേർന്നു. ഭൂരിഭാഗം കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്താത്തതിനാൽ ജില്ലയിൽ യാത്രാ ക്ലേശം രൂക്ഷമായിരുന്നു. നാമമാത്രമായ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് ഓടിയത്. തൊടുപുഴയിൽ നിന്നും മൂലമറ്റത്തു നിന്നും ഏതാനും സർവീസുകൾ നടത്തി. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തടസമില്ലാതെ ഓടി. എന്നാൽ പൊതുവെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. കടകൾ അടച്ചിടില്ലെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ഒട്ടേറെ സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞു കിടന്നു. സർക്കാർ ആഫീസുകളിലും ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലും ജീവനക്കാരുടെ എണ്ണം പരിമിതമായിരുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ജില്ലയിൽ റപ്പോർട്ട് ചെയ്യപ്പെട്ടില്ല.