 'ദി ബൊ' ഉത്ഘാടനചിത്രം


തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ അഞ്ചു മുതൽ ഏഴുവരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഫിലിംസൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ സോളമൻ കെ. ജോർജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എസ്. രാജൻ, ബിന്ദു പത്മകുമാർ, എം.എ. കരിം എന്നിവർ സംസാരിക്കും. രാവിലെ 11ന് അന്തരിച്ച വിഖ്യാത സംവിധായകൻ കിംകി ഡ്യൂക്കിന്റെ കൊറിയൻ ചിത്രം 'ദി ബൊ' ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കും. തുടർന്ന് 2.30ന് ഉഗാണ്ടൻചിത്രം 'ക്വീൻ ഓഫ് കാത്‌വേ' (സംവിധാനം മീരാ നായർ), 6.30ന് ടർക്കിഷ് ചിത്രം 'ഐല, ദി ഡോട്ടർ ഓഫ് വാർ' (സംവിധാനം: കാൻ ഉൽക്കെ) എന്നിവ പ്രദർശിപ്പിക്കും. രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ 11ന് കുർദ്ദിഷ് ചിത്രം 'ബേക്കാസ് ' (സംവിധാനം: കർസാൻ കാദെർ), 2.30ന് കൊറിയൻ ചിത്രം 'ഇന്നസെന്റ് വിറ്റ്‌നസ്' (സംവിധാനം: ഹാൻ ലീ), 6.30ന് ഫ്രഞ്ച് ചിത്രം 'ജാം' എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11ന് ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രം 'ഹെല്ലാറോ' (സംവിധാനം: അഭിഷേക് ഷാ), 2.30ന് കനേഡിയൻ ചിത്രം 'ഇൻസെൻന്റീസ്'- ആൻസൊന്തി- (സംവിധാനം: ഡെന്നീസ് വില്ലിനൂവ്), 6.30ന് ഫ്രഞ്ച് ചിത്രം '1917' (സംവിധാനം: സാം മെൻഡസ്) എന്നിവയും പ്രദർശിപ്പിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി അദ്ധ്യക്ഷത വഹിക്കും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ദീപക്, ഷീജ ഷാഹുൽ ഹമീദ്, പു.ക.സ ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് നിഷ സോമൻ, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ കെ.എം. ബാബു എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447824923, 9496181703, 9447046540. www.thethodupuzhafilmsociety.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും ചടങ്ങുകളും പ്രദർശങ്ങളും നടത്തുന്നത്. വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ, എം.എം. മഞ്ജുഹാസൻ, ജോഷി വിഗ്‌നെറ്റ് എന്നിവർ പങ്കെടുത്തു.