തൊടുപുഴ: കനത്ത ചൂടിൽ ഉരുകുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. എങ്ങും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ചകളാണ് ചൂടുപിടിക്കുന്നത്. രണ്ട് ദിവസത്തിനകം ചിത്രം വ്യക്തമാകുമെന്നാണ് സൂചന. യു.ഡി.എഫിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസും രണ്ടിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുക. ഇന്നലെ ഡി.സി.സി പ്രസിഡന്റുമാരെയും എം.പിമാരെയും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി വിളിപ്പിച്ചിരുന്നു. ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം ഇന്നത്തോടെ ഏകദേശ ധാരണയാകും. ഇന്ന് അന്തിമലിസ്റ്റ് തയ്യാറാക്കി എ.ഐ.സി.സിക്ക് നൽകിയേക്കും. കേരളകോൺഗ്രസ് മത്സരിക്കുന്ന തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെയാണെന്ന് വ്യക്തമായി. ഇവിടെ അദ്ദേഹം പ്രചരണവും ആരംഭിച്ചു. ഇടുക്കിയുടെ കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വം. ജോസഫ് ആശുപത്രി വിട്ടാലുടൻ അക്കാര്യത്തിലും തീരുമാനമാകും. എൽ.ഡി.എഫിൽ സി.പി.എം മത്സരിക്കുന്നത് രണ്ട് സീറ്റുകളിലാണ്. ഇതിൽ ഉടുമ്പഞ്ചോലയിൽ എം.എം. മണി തന്നെയാണ് മത്സരിക്കുകയെന്ന കാര്യം ഏകദേശം ഉറപ്പാണ്. ദേവികുളം മണ്ഡലത്തിന്റെ കാര്യത്തിലാണ് തീരുമാനമാകാത്തത്. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ലിസ്റ്റ് ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും നാളെ നടക്കുന്ന സംസ്ഥാന സമിതിയും ചർച്ച ചെയ്യും. അതിന് ശേഷമാകും പ്രഖ്യാപനം. പീരുമേട് സി.പി.ഐ സ്ഥാനാർത്ഥിയെ ഒമ്പതിന് പാർട്ടി സംസ്ഥാന കൗൺസിൽ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി 5,​ 8 തീയതികളിൽ ചേരുന്ന ജില്ലാ കൗൺസിൽ യോഗ്യരായ സ്ഥാനാർത്ഥികളുടെ പാനൽ സംസ്ഥാന നേതൃത്വത്തിന് നൽകും. ഇതിൽ നിന്നാകും അന്തിമ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. എന്തായാലും ഈയാഴ്ച തന്നെ ചിത്രം വ്യക്തമാകുന്നതോടെ തിരഞ്ഞെടുപ്പ് രംഗം അന്തരീക്ഷത്താൽ ചൂട് പിടിക്കുമെന്ന് തീർച്ച.