തൊടുപുഴ: അപകടങ്ങൾ പെരുകുമ്പോഴും കാഞ്ഞാർ - പുള്ളിക്കാനം, മൂലമറ്റം - പുള്ളിക്കാനം റൂട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇനിയുമായില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയർന്നെങ്കിലും ഒരു നടപടിയും ആയില്ല. ചെറുതും വലുതുമായ നൂറിൽപ്പരം വാഹനങ്ങളാണ് ദിനവും ഇത് വഴി കടന്ന് പോകുന്നത്. തൊടുപുഴ യിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ വാഗമൺ, പീരുമേട്, തേക്കടി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും എന്നത് കൊണ്ട് യാത്രക്കാർ ഈ വഴിയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. യാത്രയിൽ ഉടനീളം പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയ കാഴ്ചകളും സഞ്ചരികൾക്ക് ഏറെ കൗതുകമാണ് സമ്മാനിക്കുന്നത്. റോഡിലാകമാനം കുത്തനെയുള്ള കയറ്റവും ഇറക്കവും അഗാധ ഗർത്ഥങ്ങളുമാണ്. എന്നാൽ റോഡിന്റെ ഒരു സ്ഥലത്തും അപകട സുചന ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. ഇത് വഴി കടന്ന് പോകുന്ന ആളുകൾ സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കയറുന്നതും അപകടമുണ്ടാകുന്നതും പതിവാണ്. അടുത്താനാളിലും സെൽഫി എടുക്കുന്നതിനിടെ ഒരു യുവാവ് കാൽവഴുതി പാറക്കെട്ടിൽ വീണ് മരിച്ചിരുന്നു. നിരവധി വാഹനങ്ങളും അപകടത്തിൽപെടുന്നുണ്ട്.
റോഡ് കടന്ന് പോകുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളിലെഗ്രാമ സഭകളിലും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലും വികസനസെമിനാറുകളിലും അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് പ്രമേയം പാസ്സാക്കയതുമാണ്. എന്നാൽ അതെല്ലാം ചവറ്റ് കുട്ടയിലായി.
അറ്റകുറ്റ പണികൾ
നടത്തുന്നില്ല ....
ചില സ്ഥലങ്ങളിലുള്ള റോഡിന്റ അറ്റകുറ്റ പണികളും വർഷങ്ങളായി മുടങ്ങി. പീരുമേട് മണ്ഡലത്തിലൂടെ കടന്ന് പോകുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും അപകട സാധ്യത ഒഴിവാക്കാൻ ക്രമീകരങ്ങളില്ല. അപകടം തുടർക്കഥ യായിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും നിലനിൽക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ ഇവി ടേക്ക് എത്തുന്നുമില്ല.വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് റോഡിനെക്കുറിച്ച് ധാരണ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാണ്.