ഇടുക്കി: കളക്ട്രേറ്റും ഗവ. മെഡിക്കൽ കോളേജും ഇടുക്കി ഡാമുമെല്ലാം ഉൾപ്പെടുന്ന ജില്ലാ ആസ്ഥാനത്തെ നിയമസഭാമണ്ഡലമാണ് ഇടുക്കി. ഭൂരിഭാഗവും കുടിയേറ്റ കർഷകരാണ് ഇവിടെ അധിവസിക്കുന്നത്. ഏലം, കുരുമുളക് തുടങ്ങിയ കൃഷിയാണ് പ്രധാന ജീവനോപാധി. തൊടുപുഴ താലൂക്കിലെ അറക്കുളം, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഉൾപ്പെടുന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായ കാലഘട്ടം മുതൽ ഇതുവരെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ ഒമ്പത് വട്ടവും ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. പത്തിൽ എട്ടു തവണയും ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് ജനവിധി തേടിയിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്. എട്ടു വട്ടവും കോൺഗ്രസ്, കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് മണ്ഡലം പിന്തുണച്ചത്. 1996ൽ എൽ.ഡി.എഫ് പിന്തുണയോടെ ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച സുലൈമാൻ റാവുത്തർ വിജയിച്ചപ്പോഴാണ് മണ്ഡലം ആദ്യമായി കോൺഗ്രസിന് നഷ്ടമാകുന്നത്. 2001 മുതൽ റോഷി അഗസ്റ്റിനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരളകോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫിലെത്തിയതിനാൽ റോഷി ഇത്തവണ ഇടത് സ്ഥാനാർത്ഥിയായേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനാണ് മുഖ്യപരിഗണന. മുൻ എം.എൽ.എ മാത്യു സ്റ്റീഫന്റെ പേരും പരിഗണനയിലുണ്ട്. അന്തിമതീരുമാനം പി.ജെ. ജോസഫിന്റേതാണ്. എൻ.ഡി.എയിൽ ഇടുക്കിയിൽ നിന്ന് ഇത്തവണ ബി.ഡി.ജെ.എസ് ചോദിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞ തവണ ബിജു മാധവൻ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഇത്തവണ ബിജു മാധവൻ,​ പാർട്ടി ജില്ലാ പ്രസിഡന്റ് വി. ജയേഷ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

കൗതുകമത്സരത്തിന് അരങ്ങൊരുങ്ങുന്നു

ഇടുക്കിയിൽ ഇത്തവണ കൗതുകകരമായ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച റോഷി അഗസ്റ്റ്യനും ഫ്രാൻസിസ് ജോർജും തന്നെ പരസ്പരം ഏറ്റുമുട്ടാനാണ് സാദ്ധ്യത കൂടുതൽ. എന്നാൽ രണ്ട് പേരും കഴിഞ്ഞ തവണ തങ്ങൾ എതിർത്ത മുന്നണിയുടെ സ്ഥാനാർത്ഥിയാകുമെന്നതാണ് കൗതുകം. 2016ൽ നിലവിലെ എം.എൽ.എയായ റോഷി അഗസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു. അന്ന് ഫ്രാൻസിസ് ജോർജ് ചെയർമാനായ ജനാധിപത്യ കേരള കോൺഗ്രസ് ഇടതുപക്ഷത്തായിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കുറച്ച് നാളുകൾക്ക് മുമ്പാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചത്. ഇതോടെയാണ് ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ കളമൊരുങ്ങിയത്. രണ്ട് പതിറ്റാണ്ടായി മണ്ഡലത്തിലെ യു.ഡി.എഫിന്റെ മുഖമായ റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകേണ്ടി വന്നത്. ഏതായാലും ഇരുവരും സ്ഥാനാർത്ഥികളായാൽ കൗതുകകരമായ മത്സരത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക.

2016ലെ വോട്ടിംഗ് നില

റോഷി അഗസ്റ്റിൻ (യു.ഡി.എഫ്)- 60556
ഫ്രാൻസിസ് ജോർജ് (എൽ.ഡി.എഫ്)- 51223
ബിജു മാധവൻ (എൻ.ഡി.എ)- 27403
ഭൂരിപക്ഷം- 9333