മുട്ടം: റോഡരുകിൽ മണ്ണ് അലക്ഷ്യമായി കൂട്ടിയിട്ടത് അപകടത്തിന് കാരണമാകുന്നു. മലങ്കര മുതൽ കാഞ്ഞാർ വരെ റോഡരുകിലാണ് അപകടക്കെണിയായത്. ബി എസ് എൻ എൽന്റെ കേബിൾ ഇടുന്നതിനും വാട്ടർ അതോറിറ്റി പൈപ്പുകൾ നന്നാക്കുന്നതിനും വേണ്ടി റോഡരുകിലെ മണ്ണ് മാറ്റിയിരുന്നു. എന്നാൽ പണികൾ പൂർത്തീകരിച്ചെങ്കിലും റോഡരുകിൽ മണ്ണ് അലക്ഷ്യമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമാകുന്നത്. മഴ ആരംഭിച്ചതോടെ കുഴിയെടുത്ത സ്ഥലങ്ങളിൽ മണ്ണ് താഴ്ന്ന് നീളത്തിൽ കാന പോലുളള ഗർത്തങ്ങളായിട്ടുമുണ്ട്. മുട്ടം ടൗണിൽ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ കുഴികൾ രൂപപെട്ടിരിക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുള്ള കുഴികളും മണ്ണ് കൂമിഞ്ഞ് കിടക്കുന്നതും വ്യാപാരികൾക്കും പ്രശ്നമാവുകയാണ്. സ്ഥാപനത്തിൽ എത്തുന്ന ആളുകൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നില്ല. ചിലർ വ്യാപാര സ്ഥാപനത്തിന് മുന്നിലായി റോഡിലേക്ക് കയറ്റിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അപകടക്കെണി അറിയാതെ എത്തുന്ന നിരവധി ടൂ വീലർ യാത്രക്കാർ അപകടത്തിലാകുന്നുമുണ്ട്. വാഹനങ്ങൾക്ക് കടന്ന് പോകാൻ റോഡരുകിലേക്ക് മാറുന്ന കാൽ നടയാത്രക്കാരേയും ഏറെ കഷ്ടത്തിലാക്കുന്നുണ്ട്.