
തൊടുപുഴ: ഗൃഹനാഥന്റെ മൃതദേഹം കള്ളുഷാപ്പിന്റെ പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പടി. കോടിക്കുളം ഐരാമ്പിള്ളി ഇളങ്കാവുമറ്റത്തിൽ പരേതനായ ഉണ്ണിയുടെ മകൻ ഇ.യു. ബിജുവാണ് (48) മരിച്ചത്. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ കാളിയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് ഈസ്റ്റ് കലൂർ പെരുമാങ്കണ്ടം കാവുപുറം ഷാപ്പിന് പുറകിലാണ് മൃതദേഹം കണ്ടത്. ഷാപ്പ് തുറക്കാനെത്തിയ ജീവനക്കാരൻ മൃതദേഹം കണ്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ബിജുവിന്റെ മൊബൈൽ ഫോണും പഴ്‌സും ഉൾപ്പടെയുള്ള സാധനങ്ങൾ സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മദ്യപിച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. തുടർന്ന് ബിജുവിന്റെ സഹോദരനെ പൊലീസ് സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അദ്ദേഹമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കാളിയാർ പൊലീസും സ്ഥലത്തെത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുത്ത് വീടുണ്ടായിരുന്നെങ്കിലും ആരും ശബ്ദമൊന്നും കേട്ടില്ല. ഇരുമ്പു പണിക്കാരനായ ബിജുവിനെ ചൊവ്വാഴ്ച രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായതാണ്. പെൺമക്കളുടെ വിവാഹത്തിനും കൊവിഡിനും ശേഷം ബിജുവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് പറയുന്നു. വീട്ടിൽ നിന്നിറങ്ങി ഈസ്റ്റ് കലൂരിലെ ആലയിലേക്ക് വന്നതാണെന്ന് കേൾക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാകുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. സുമയാണ് ഭാര്യ. മക്കൾ: ദിവ്യ, നവ്യ .