ഇടുക്കി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി കൂടുതൽ പോസ്റ്റൽ ബാലറ്റുകളുണ്ടാകും. 80 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമുണ്ടായിരിക്കും. ഇതിനായുള്ള ഫോറം വീടുകളിൽ നേരിട്ട് വിതരണം ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് ബാധിതർ ആരോഗ്യവകുപ്പിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റും ഇതോടൊപ്പം നൽകണം. അതത് മേഖലകളിലെ ബൂത്ത്തല ആഫീസർമാർ വഴിയാണ് ഫോറം വിതരണം. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും കഴിഞ്ഞ വോട്ടെടുപ്പ് പോലെ അവസാന ഒരു മണിക്കൂർ വോട്ട് ചെയ്യാൻ അവസരമുണ്ടായിരിക്കും. ഇന്ന് വിതരണം ചെയ്യുന്ന ഫോമുകൾ രണ്ടുദിവസത്തിനുള്ളിൽ തിരികെ വാങ്ങും. തുടർന്ന് റിട്ടേണിംഗ് ആഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി വോട്ട് ചെയ്യിക്കും. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളെയും സ്ഥാനാർത്ഥികളെയും ഇക്കാര്യം മുൻകൂർ അറിയിക്കും. 40 ശതമാനത്തിന് മേൽ അംഗവൈകല്യമുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനായുള്ള അപേക്ഷ മാർച്ച് 12 വരെ സ്വീകരിക്കും.

1292 പോളിംഗ് ബൂത്തുകൾ

ജില്ലയിൽ ഓക്‌സിലറി (അധിക) ബൂത്തുകൾ ഉൾപ്പെടെ 1292 പോളിംഗ് ബൂത്തുകളാണുള്ളത്. ആയിരം വോട്ടർമാരിൽ കൂടുതലുള്ള ഇടങ്ങളിലാണ് അധിക ബൂത്തുകൾ തയ്യാറാക്കുന്നത്. അത്തരത്തിൽ 259 ബൂത്തുകൾ ജില്ലയിലുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.