തൊണ്ടിമുതലായി സൂക്ഷിച്ച 9 ബൈക്കുകൾ കത്തിനശിച്ചു

തൊടുപുഴ: പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ തീപിടിത്തത്തിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഒമ്പത് ബൈക്കുകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ 11.15 നായിരുന്നു സംഭവം. പൊലീസ് ഹെൽത്ത് ക്ലബിനോട് ചേർന്നുള്ള സ്ഥലത്താണ് വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇരുചക്രവാഹനങ്ങളും ആട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ മുപ്പതിലധികം വാഹനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഈ ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചതിൽ നിന്നു തീ പടർന്നതാണെന്നാണു നിഗമനം. പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴ ഫയർ സ്റ്റേഷൻ ആഫീസർ പി.വി. രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സമീപത്തെ മറ്റു വാഹനങ്ങളിലേക്ക് പടരാതെ തീ അണയ്ക്കാനായതിനാൽ വലിയ നാശനഷ്ടമാണ് ഒഴിവായത്. ഇതിനു സമീപത്തായാണു പൊലീസ് ക്വാട്ടേഴ്‌സുള്ളത്.. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. സീനിയർ ഫയർആഫീസർ ടി.ഇ. അലിയാർ, ഫയർആഫീസർമാരായ അനീഷ് കുമാർ, സജീവ്,ജിഷ്ണു, സാജു, അൻവർ ഷാൻ, രഞ്ജികൃഷ്ണൻ, കെ.എം. നാസർ എന്നിവരാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.