തൊടുപുഴ: ഇടുക്കി ജില്ല ലഹരി മാഫിയയുടെ ഹബ്ബായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി വൻ ലഹരി വേട്ടകളാണ് ജില്ലയിൽ നടന്നത്. വാഗമൺ ലഹരി നിശാ പാർട്ടിയടക്കം ഇതിൽ ഉൾപ്പെടും. ഏറ്റവും ഒടുവിലെ സംഭവമാണ് ഇന്നലെ വട്ടവട പഴത്തോട്ടത്ത് എം.ഡി.എം.എയും എൽ.എസ്.ഡിയുടമക്കമുള്ള മാരകലഹരി വസ്തുക്കളുമായി മൂന്ന് പേർ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ 20ന് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി നിശാ പാർട്ടിക്ക് എത്തിയ വനിതകളടക്കം 58 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വലിയ വാർത്തയായിരുന്നു. ഇവരുടെ പക്കൽ നിന്ന് എൽ.എസ്.ഡി, ഹാഷിഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പൊലീസ് പിടികൂടിയത്‌. ഇതിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ പുതുവത്സരദിനമായ ജനുവരി ഒന്നിന് 10.5 കിലോ കഞ്ചാവുമായി കൊന്നത്തടിയിൽ നിന്ന് നാല് പേർ പിടിയിലായിരുന്നു. ഫെബ്രുവരി ഏഴിന് വണ്ടന്മേടിന് സമീപം ആമയാറിൽ 16.5 കിലോ കഞ്ചാവുമായി മൂന്ന് പേരെ പികൂടി. ഫെബ്രുവരി 26ന് കുമളിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമടക്കം ഒന്നരക്കോടി രൂപയുടെ ലഹരി മരുന്നുമായി മൂന്ന് പേർ പിടിയിലായിരുന്നു. മൂന്ന് മാസത്തിനിടെ നടന്ന വൻലഹരി വേട്ടകൾ മാത്രമാണിത്.

കടത്ത് ആഡംബര കാറുകളിൽ

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആഡംബര കാറുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഒരേസമയം വിവിധ കാറുകൾ ഇവർ കടത്തലിനായി ഉപയോഗിക്കും. ഏതെങ്കിലും വിധത്തിൽ ലഹരി കൊണ്ടുവരുന്ന കാറിന്റെ വിവരം ചോർന്നാൽ ഉടനെ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് സാധനം മാറ്റും. വാഹനത്തിന്റെ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും. സമാന രീതിയിൽ ബൈക്ക് മാർഗവും സംഘങ്ങൾ ലഹരി കടത്തുന്നുണ്ട്.

സിന്തറ്റിക് ലഹരി പിടിമുറുക്കുന്നു

കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം.

''ലോക്ക്ഡൗൺ കാലത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതോടെ മോഷണവും ഗുണ്ടാ- ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി നടന്നവർ പലരും ലഹരി മേഖയിലേക്ക് കടന്നു. മറ്റ് വരുമാനങ്ങൾ കുറഞ്ഞതോടെ എളുപ്പത്തിൽ പണമുണ്ടാക്കാനായി കുറ്റവാളികളായ യുവാക്കൾ വൻതോതിൽ ലഹരി കടത്ത് ആരംഭിച്ചതായാണ് മനസിലാക്കുന്നത്."

-ജി. പ്രദീപ് (ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ)​