തൊടുപുഴ: ജില്ലയിൽ സമ്പൂർണ നിർമാണ നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ചതോടെ മുഖ്യമന്ത്രി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചതായി കേരളാ കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. കെട്ടിടം ഇനി നിർമിക്കണമെങ്കിൽ ഭൂമിയുടെ പട്ടയത്തിൽ അനുവദിച്ചിട്ടുള്ള കാര്യങ്ങൾക്ക് മാത്രമായിരിക്കണമെന്നും ഇതിനായി അതത് വില്ലേജ് ആഫീസിൽ നിന്നും നിരാക്ഷേപ പത്രം കൂടി ഹാജരാക്കണമെന്നുമാണ് കഴിഞ്ഞ ഫെബ്രുവരി 25 ലെ സർക്കാർ ഉത്തരവ്. ഈ ഉത്തരവ് അനുസരിച്ച് ഇനി സ്വന്തം ഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതിക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ പട്ടയത്തിൽ അനുവദിച്ചിട്ടുള്ള കാര്യങ്ങൾക്കു മാത്രമേ അനുമതി ലഭിക്കൂ. 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങളിൽ വീട് വയ്ക്കാനും കൃഷിക്കും മാത്രമേ അനുമതിയുള്ളൂ. ഈ പ്രശ്‌നം ഹൈക്കോടതിയിൽ വന്നപ്പോൾ കേരളമാകെ ബാധകമായി. ഈ ഘട്ടത്തിലാണ് പി.ജെ. ജോസഫ് എം.എൽ.എ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചതും തുടർന്ന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചതും. ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ സമ്മതിച്ചെങ്കിലും സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത് വഞ്ചനയായിരുന്നു.തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഇടുക്കിയിലെ ജനങ്ങളോട് വോട്ട് ചോദിക്കാൻ അവകാശമില്ല. നിർമാണ നിരോധന ഉത്തരവിനെതിരെ കേരളാ കോൺഗ്രസ് തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.