തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ വില പേശലിന് കോൺഗ്രസ് നേതൃത്വം നിന്ന് കൊടുക്കരുതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻറ്റ് വി.ബി ബിസുമോൻ ആവശ്യപ്പെട്ടു. രാജ്യത്ത് സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്. സാദാ കോൺഗ്രസ് ഐ.എൻ.ടി.യു.സി പ്രവർത്തകർ ചോര നീരാക്കി പ്രവർത്തിച്ച് വിജയിപ്പിക്കുന്ന ജനപ്രതിനിധികൾ അവരെ മറക്കുന്നു. ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം വിലയിരുത്തേണ്ട സമയം കഴിഞ്ഞു. തൊടുപുഴ, ഉടുമ്പൻചോല മണ്ഡലങ്ങളിലെ വിജയ പരാജയങ്ങൾ നമ്മൾ മനസ്സ് തുറന്നു ചിന്തിക്കണം. സംസ്ഥാനത്തെയും ജില്ലയിലെയും കർഷകരുടെയും തൊഴിലാളികളുടെയും ഒപ്പം എന്നും ഐ.എൻ.ടി.യു.സി ഉണ്ടായിരിക്കും. അവരാണ് വിജയത്തിന്റെ ആണിക്കല്ല്. അവർ ഈ തിരഞ്ഞെടുപ്പിലും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ സാരഥികളെ വിജയിപ്പിക്കുമെന്നും മറ്റ് അവിശ്വാസ കൂട്ടുകെട്ട് ഉണ്ടായാൽ അതിനെ നേരിടാൻ ഐ.എൻ.ടി.യു.സി എന്നും സജ്ജമാണെന്നും വി.ബി ബിസുമോൻ പറഞ്ഞു.