ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും നിർമാണ നിരോധന ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധം ശക്തമാകുന്നു. പട്ടയ ഭൂമിയിൽ ഭൂപതിവു ചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങളാണ് സർക്കാർ വിലക്കിയത്. ഭൂമി എന്താവശ്യത്തിനു പതിച്ചു നൽകിയതാണെന്നു കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതു പരിശോധിച്ചു മാത്രമേ നിർമാണ പെർമിറ്റ് അനുവദിക്കാൻ പാടുള്ളൂ എന്നാണ് തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഭൂമി എന്തെങ്കിലും പ്രത്യേകാവശ്യത്തിനു പതിച്ചു നൽകിയതാണോ എന്നു വില്ലേജ് ആഫീസർ പരിശോധിച്ച് കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നു റവന്യൂ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. ഉത്തരവുകളുടെ പകർപ്പ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു വ്യവസ്ഥ. റവന്യു അധികാരികൾ അനുവദിക്കുന്ന കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിവരം പരിശോധിച്ച ശേഷമേ ഇനി നിർമാണ പെർമിറ്റ് നൽകൂ. പട്ടയഭൂമിയിൽ ചെറുകിട വ്യവസായങ്ങൾക്കും മറ്റുമായി നിർമാണങ്ങൾ നടത്താനുള്ള പെർമിറ്റ് അപേക്ഷകളെ ഇതു ബാധിക്കും. ഇതാണ് പുതിയ വിവാദത്തിന് കാരണം. ഇതിനെതിരെ പ്രതിപക്ഷവും വ്യാപാരിസമൂഹവും രംഗത്തെത്തിയിട്ടുണ്ട്.