തൊടുപുഴ: കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം ഇന്ന് തൊടുപുഴയിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോഷ് പവലിയനിൽ രാവിലെ 10ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അദ്ധ്യക്ഷനാവും. എൽദോ എബ്രഹാം എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും. സംസ്ഥാന ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും പുറമെ യൂണിറ്റ് പ്രതിനിധികളും പങ്കെടുക്കും. ആധാരം എഴുത്ത് തൊഴിൽ ആധാരം എഴുത്തു ലൈസൻസികൾക്ക് മാത്രമായി സംവരണം ചെയ്യുക, ആധാരം എഴുത്ത് ഫീസ് പട്ടിക കാലോചിതമായി പുതുക്കി നിശ്ചയിക്കുക, ആധാരം എഴുത്തു തൊഴിലാളികളെയും ഇ.എസ്‌.ഐ പദ്ധതിയുടെ പരിധിയിൽ കൊണ്ടു വരിക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദു കലാധരൻ, സംസ്ഥാന സെക്രട്ടറി എ. അൻസാർ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ, ജില്ലാ പ്രസിഡന്റ് ടി.എസ്. ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി പി. അനൂപ്, സ്വാഗതസംഘം ചെയർമാൻ വി.ടി. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ന് അവധി

ജനറൽ ബോഡിയോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ ആധാരം എഴുത്ത് ആഫീസുകൾക്ക് അവധിയായിരിക്കും.