തൊടുപുഴ: കൊടുംചൂടിൽ ജനം ഉരുകുന്ന ഈ തിരഞ്ഞെടുപ്പുകാലത്ത് എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്ന ഒരേ ഒരു 'കക്ഷി" തണ്ണിമത്തനാണ്. പൊള്ളുന്ന വെയിലിനെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിക്കാൻ ഇവനേക്കാൾ വലിയൊരു 'സ്ഥാനാർത്ഥി"യില്ല. വേനൽ കടുത്തതോടെ എല്ലാ കടകളിലും വഴിയോരങ്ങളിലും കൂട്ടമായി പലതരത്തിലുള്ള തണ്ണിമത്തനുകൾ ഇടംപിടിച്ചിട്ടുണ്ട്. വേനൽ കടുത്തതോടെ ഇവയ്ക്ക് ആവശ്യക്കാരുമേറി. നിർജലീകരണം പോലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാൻ തണ്ണിമത്തൻ പോലുള്ള പഴവർഗങ്ങൾ ഏറെ സഹായിക്കും. സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 30 രൂപയാണ് വഴിയോര വില. തമിഴ്‌നാട്ടിലെ പ്രധാന വേനൽ വിളയായി മാറിയിരിക്കുകയാണ് തണ്ണിമത്തൻ. മധുരയ്ക്ക് സമീപത്തുള്ള ലിംഗവാടി, മാണിക്കംപെട്ടി, നിലകോട്ടൈ, ഊത്തുപെട്ടി, രാമരാജപുരം എന്നിവിടങ്ങളിലാണ് വ്യാപകമായി തണ്ണിമത്തൻ വേനൽ വിളയായി കൃഷി ചെയ്തുവരുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യക്കാർ ഏറിയതോടെ മികച്ച വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് മൂന്ന് രൂപ മുതൽ എട്ട് രൂപ വരെയാണ് മുൻ വർഷങ്ങളിൽ ലഭിച്ചതെങ്കിൽ ഇപ്പോൾ 10 മുതൽ 15 രൂപ വരെ വില ലഭിക്കുന്ന സാഹചര്യമുണ്ട്. തമിഴ്‌നാട്ടിൽ ഹെക്ടർ കണക്കിന് വരുന്ന തോട്ടങ്ങൾ മൊത്തമായി വില പറഞ്ഞ് ഉടമകളിൽ നിന്ന് വ്യാപാരികൾ വാങ്ങുകയാണ് ചെയ്യുന്നത്. വിളവെടുക്കുന്നതും വില്പന നടത്തുന്നതും വ്യാപാരികളാണ്. മധുര, കിരൺ, നൂതന ഇനമായ ഷുഗർബേബി, വന്ദന, എമറാൾഡ് എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്തുവരുന്നത്. കട്ടിയേറിയ തോടിനുള്ളിൽ ചുവന്ന നിറത്തോടും മഞ്ഞ നിറത്തോടും കൂടിയ കായ്‌കൾ ഉണ്ടെങ്കിലും കേരളത്തിൽ ചുവന്ന നിറത്തോടു കൂടിയതിനാണ് ഡിമാൻഡ് കൂടുതൽ. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ്. ഇടുക്കി ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.