തൊടുപുഴ: ആകെ അഞ്ച് സീറ്റ് മാത്രം, ഇതുകൊണ്ടെങ്ങനെ ഇടത്തോട്ടും വലത്തോട്ടുമൊക്കെ മാറിക്കളിക്കുന്ന ഘടകകക്ഷികളെ തൃപ്തിപ്പെടുത്താം, പക്ഷെ ഒരു മുറുമുറുപ്പുമില്ലാതെ ജില്ലയിൽ എല്ലാ മുന്നണികളിലും സീറ്റ് ധാരണയായി തിരഞ്ഞെടപ്പ് പ്രചരണവും തുടങ്ങിക്കഴിഞ്ഞു. യു . ഡി. എഫിന് സംസ്ഥാന തലത്തിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചർച്ചകൾ ഒരു കരയ്ക്കും അടുക്കാതിരുന്നപ്പോഴും ജോസഫ് ഗ്രൂപ്പിന്റെ ഈറ്റില്ലമായ ഇടുക്കി ജില്ലയിൽ ' പൂ നുള്ളിയെടുക്കുന്ന' ലാഘവത്തോടെയാണ് സീറ്റ് വിഭജനം നടന്നത്. എൽ. ഡി. എഫിലും ഇക്കാര്യത്തിൽ സ്ഥിതി വ്യത്യസ്ഥമല്ല. ഇരു മുന്നണികളിലും വല്യേട്ടൻ ചമയലും നടന്നില്ല , അത്കൊണ്ട്തന്നെ സീറ്റിനെച്ചൊല്ലിയുള്ള ചർച്ചകളും വെറും ഔപചാരികമായി മാത്രം നടത്തി കൈകൊടുത്ത് കെട്ടിപ്പിടിച്ച് പിരിയുകമാത്രം മതിയായിരുന്നു. എൻ. ഡി. എയിൽ സീറ്റ് ധാരണയിൽ യു. ഡി. എഫ്, എൽ. ഡി. എഫ് മാതൃകകൾ തന്നെ ആവർത്തിക്കുമെന്നാണ് ഇതുവരെയുള്ള നിലപാടുകൾ വ്യക്തമാക്കുന്നത്. ഇടുക്കിയിലെ യു. ഡി. എഫ് എന്നത് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മാത്രമായി മാറി. മറ്റാരും സീറ്റിനായി അവകാശവാദം ഉയർത്തിയുമില്ല. കോൺഗ്രസ് മൂന്ന് സീറ്റിലും ജോസഫ് വിഭാഗം രണ്ട് സീറ്റിലും മത്സരിക്കുന്ന. പീരുമേട്, ദേവികുളം, ഉടുമ്പൻ ചോല എന്നിവടങ്ങളിൽ കോൺഗ്രസും തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ ജോസഫ് വിഭാഗവും മത്സരിക്കും. എൽ. ഡി. എഫിൽ രണ്ട് സീറ്റ് വീതം സി.പി. എമ്മിനും കേരളാ കോൺഗ്രസ് (എം) നും ലഭിച്ചപ്പോൾ പതിവ്പോലെ ഒരു സീറ്റ് സി. പി. ഐ ക്കും ലഭിച്ചു. കഴിഞ്ഞ തവണ എൽ. ഡി. എഫിലായിരുന്ന ഫ്രാൻസിസ് ജോർജ് മത്സരിച്ച ഇടുക്കിയും എൽ. ഡി. എഫ് സ്വതന്ത്രൻ മത്സരിച്ച തൊടുപുഴയും കേരളകോൺഗ്രസ്(എം)ന് നൽകി. ഉടുമ്പൻചോലയും ദേവികുളവും സി. പി. എമ്മും പീരുമേട് സി. പി. ഐ എടുത്തു.

സ്ഥാനാർത്ഥി

പ്രഖ്യാപനം ഉടനെ

മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൽ അടുത്ത ദിവസം തന്നെ നടക്കും. മിക്കയിടത്തും സ്ഥാനാർത്ഥിയെക്കുറിച്ച് ധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ ചില ചെറിയ പൊട്ടിത്തെറികൾ വന്ന്കൂടായ്കയില്ല. സി. പി. എമ്മും സി. പി. ഐയും രണ്ട് തവണ തുടർച്ചയായി ജയിച്ചവരെ ഒഴിവാക്കിയപ്പോൾ എസ്. രാജേന്ദ്രനും (ദേവികുളം), ഇ. എസ്. ബിജിമോൾ (പീരുമേട്) എന്നിവർക്ക് മത്സരരംഗത്ത്നിന്നും മാറി നിൽക്കേണ്ടിവന്നു. അവരുടെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും വിധമാണ് ചർച്ചകൾ നടക്കുന്നത്.

യു. ഡി. എഫ് സീറ്റ് വിഭജനം

കോൺഗ്രസ് - 3

കേരളാകോൺഗ്രസ് ജോസഫ്-2

.......................

എൽ. ഡി. എഫ് സീറ്റ് വിഭജനം

സി. പി. എം -2

കേരളാകോൺഗ്രസ് (എം)-2

സി. പി. ഐ-1