തൊടുപുഴ: അന്ന് മണ്ഡലത്തിലെ മുക്കിനും മൂലയിലുമൊക്കെ എത്തിപ്പെടുന്നത് ബസിലും പിന്നെ നടന്നുമായിരുന്നു, ഒരു സൈക്കിൾ പോലും സ്വന്തമില്ലാത്ത എം. എൽ. എ എന്നത് ഒരിക്കലും ഒരു കുറവായി യോന്നിയിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുന്നത് കെ. എസ്. ആർ. ടി. സി ബസിലാണ്. ആ യാത്രകൾ ജനങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും അടുത്തറിയാൻ ഉപകരിച്ച കാര്യങ്ങൾ ഇടുക്കിയുടെ മുൻ എം. എൽ. എ പി. പി. സുലൈമാൻ റാവുത്തർ കാളിയാറിലെ വീട്ടിലിരുന്ന് പറഞ്ഞ് തുടങ്ങി. യാത്ര വേളകളിൽ തനിക്ക് ധാരാളം സൗഹൃദങ്ങളും ഉണ്ടായി. ബസ് പ്രധാന സ്റ്റേപ്പുകളിൽ നിർത്തുമ്പോൾ യാത്രക്കാർക്കൊപ്പം ചായകുടിക്കാനിറങ്ങും. ചായകുടിക്കാൻ സാധാരണക്കാരനായി തന്നെ കാത്തിരിക്കും. പലരും തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിക്കും. ഒരു അകൽച്ചയും ഇല്ലാതെ ഇടപെടും. ഒരു ജനപ്രതിനിധിക്ക് കിട്ടാവുന്ന എല്ലാ ബഹുമാനവും കിട്ടുകയും ചെയ്യും. ഇപ്പോഴും മണ്ഡലത്തിൽ ചെല്ലുമ്പോൾ പെട്ടികടയിൽ നിന്നും ചായവാങ്ങി തരും . കെട്ടി പിടിച്ച് അവർ വാത്സ്യല്യം പ്രകടപ്പിക്കും . ജനതാദൾ ജില്ലാ പ്രസിഡന്റായിരിക്കെ 1996 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ജനവിധിതേടിയത്.. കേരള കോൺഗ്രസ് (എം)ലെ ജോയി വെട്ടിക്കുഴി യായിരുന്നു എതിരാളി. 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1982-ലാണ് ആദ്യമായി മത്സരിച്ചത്. കോൺഗ്രസ് (എസ് ) ജില്ലാ പ്രസിഡൻ് ആയിരിക്കെ അന്നും ഇടതുമുന്നിയെ പ്രതിനിധികരിച്ചായിരുന്നു പോരാട്ടം. കോൺഗ്രസിലെ ജോസ് കുറ്റ്യയാനിയായിരുന്നു എതിരാളി. 4000 വോട്ടുകൾക്ക് അന്ന് പരാജയപ്പെട്ടിരുന്നു. സൈക്കിൾ സവാരി പോലും അറിയില്ലാത്ത റാവുത്തർ എല്ലായിടത്തും നടന്നു പോയി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടിരുന്നു.തങ്കമണിയിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമണമുണ്ടായപ്പോൾ അതിനെതിരെ രംഗത്ത് വന്നു. തുടർന്നു വന്ന 1987-ലെ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് ലക്ഷ്യമാക്കി കോൺഗ്രസ് റോസമ്മ ചാക്കോയെ മത്സരിപ്പിച്ചു. എൽ.ഡി.എഫ് തന്നെ പരിഗണിച്ചില്ല. ഇടതുമുന്നണി സ്വതന്ത്രയായി അഡ്വ.മേരിസിറിയക് ആണ് മത്സരിച്ചത്. അവഗണനക്കെതിരെ ഒ റ്റയ്ക്ക് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പ് അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. മത്സരിക്കാൻ പണമില്ല, പ്രചരണങ്ങൾക്ക് ,സൗകര്യങ്ങളില്ല, എന്നിട്ടും പ്രചരണത്തിൽ ആവേശകരമായ മുന്നേറ്റമാണ് ദൃശ്യമായത്. മണ്ഡലത്തിൻെറ് എല്ലാ കോണുകളിലും ജനങ്ങൾ ഏറ്റെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. താൻ വെറുതെ നിന്നുകൊടുക്കുകയായിരുന്നു. രാജപുരത്ത് നിന്ന് പര്യടനം തുടങ്ങുമ്പോൾ ജനകിയ പിന്തുണയോടെ നൂറ് ജീപ്പുകളാണ് പര്യടന വാഹനത്തിന് മുന്നിലുണ്ടായിരുന്നത്. വഴിയോരങ്ങളിലും കവലകളിലുമെല്ലാം കണ്ടുമുട്ടുന്ന് ജനകിയ മുഖമായ റാവുത്തർ 10-ൽ 7 പഞ്ചായത്തും ലീഡ് ചെയ്തെങ്കിലും റോസമ്മ ചാക്കോ 1500 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. അന്ന് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു . 2001-ൽ സീറ്റ് ലഭിച്ചില്ല. അവഗണനക്കെതിരെ സ്വതന്ത്രനായി മത്സരിച്ചു. എൽ.ഡി.എഫിൽ മുൻ ഇലകഷൻ കമ്മിഷണർ എം.എസ്.ജോസും കേരളകോൺഗ്രസ് (എം) ലെ റോഷി ആഗസ്റ്റ്യനു മായിരുന്നു എതിരാളികൾ. 14 000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ റോഷി അഗസ്റ്റ്യൻ വിജയിച്ചു. കോൺഗ്രസിൽ ചേർന്ന സുലൈമാൻ റാവുത്തർ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ ആയി . പദവികൾ പലതും വഴിമാറിപ്പോയിട്ടും ഒട്ടും പരിഭവമില്ലാത്ത സുലൈമാൻ റാവുത്തറെ ഇപ്പോൾ കുന്നത്തുനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചിരിക്കുകയാണ്.