തൊടുപുഴ: മഅ്ദനിയെ മറന്ന രാഷ്ട്രീയ നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം മറക്കുമെന്നും തിരഞ്ഞെടുപ്പിൽ പിഡിപി നിലപാട് നിർണായകമായിരിക്കുമെന്നും പിഡിപി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ് പറഞ്ഞു.നീതിക്ക് വേണ്ടി ജനകീയ ഐക്യപ്പെടൽ മലയാളനാട് മഅ്ദനിക്കൊപ്പം എന്ന പ്രമേയവുമായി പിഡിപി തൊടുപുഴ മണ്ഡലം കമ്മറ്റി നടത്തിയ പദയാത്രയുടെ സമാപനസമ്മേളനം കുമ്പംകല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി അനുഭവിക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും മുഖ്യചർച്ചയാക്കി തെരഞ്ഞെടുപ്പിൽ ഉയർത്തികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പിഡിപി മണ്ഡലം പ്രസിഡന്റ് ജലീൽ ഉടുമ്പന്നൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എസ്.എഫ് സംസ്ഥാന കോർഡിനേറ്റർ മാഹിൻ ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എ. കബീർ, സെക്രട്ടറി നെജീബ് കളരിക്കൽ, ട്രഷറർ നസീർ മക്കാർ, മണ്ഡലം സെക്രട്ടറി ബഷീർ മൗലവി, നേതാക്കളായ സുബൈർ ആലക്കോട്, റഹിം മുട്ടം, യൂസഫ് പെരുമ്പിള്ളിച്ചിറ, കെ.എം. ഷെബിൻ, നാസർ ചിറക്കുന്നേൽ, മുഹമ്മദ് മൗലവി അൽകൗസരി, റസാഖ് മാർത്തോമ്മ എന്നിവർ സംസാരിച്ചു.