ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന് നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചു .വിവിധ വകുപ്പുകൾ, ശുചിത്വമിഷൻ എന്നിവയുടെ ഏകോപനത്തിലൂടെ ഉചിതമായ നടപടികൾ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടപ്പിലാക്കാനുള്ള അധികാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകി ചീഫ് ഇലക്ടറൽ ഓഫീസർ ഉത്തരവിറക്കി.വിസി ഫ്‌ളക്‌സുകൾ, ബാനറുകൾ,ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലർന്ന കൊറിയൻക്ലോത്ത്, നൈലോൺ,പോളിസ്റ്റർ,പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക്‌കോട്ടിങ്ങോ ഉള്ള പുനചംക്രമണ സാദ്ധ്യമല്ലാത്ത ബാനർ,ബോർഡുകൾ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.കോട്ടൻ തുണി പേപ്പർ,പോളി എത്തിലിൻ തുടങ്ങിയ പുനരുപയോഗ ,പുന:ചംക്രമണ സാദ്ധ്യമായ വസ്തുക്കളുപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാൻ പാടുള്ളൂ. ഇത്തരം മെറ്റീരിയൽ പ്രിന്റ് ചെയ്യുമ്പോൾ റീസൈക്ലബിൾ, പിവിസി ഫ്രീ എന്നലോഗോയും ഉപയോഗം അവസാനിക്കുന്ന തിയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെപേരും നമ്പറും നിർബന്ധമായും പ്രചാരണ സാമഗ്രികളിൽ ഉൾപ്പെടുത്തേണ്ടതാണ്.
നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ നിയമനടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും. പുന:ചംക്രമണ പുനരുപയോഗയോഗ്യമായ പ്രചാരണ സാമഗ്രികൾ ഉപയോഗശേഷം രാഷ്ട്രീയപാർട്ടികൾശേഖരിച്ച സ്ഥാപനങ്ങളിലെ ഹരിത കർമ്മസേന മുഖാന്തരം സർക്കാർ കമ്പനിയായ ക്ലീൻകേരള കമ്പനിക്ക് കൈമാറണം. രാഷ്ട്രീയപാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം.പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കണം.