തൊടുപുഴ: ഏലം കൃത്തകപ്പാട്ടഭൂമിയിൽ സാമ്പിൾ പ്ലോട്ട് സർവ്വേ വീണ്ടും നടത്താനുള്ള വനം വകുപ്പിന്റെ നീക്കം ദുരൂഹമാണന്നും ഇതിന്റെ പിന്നിൽ സി.എച്ച് ആർ മേഖല വനഭൂമിയാക്കി ഭാവിയിൽ മാറ്റാനുള്ള നിക്കമാണന്നും തിരഞ്ഞടുപ്പിനോടനുബന്ധിച്ച ദിവസങ്ങളിൽ ഇത് നടത്തുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഷ്യമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ . ഉടുമ്പൻചോല താലൂക്കിലെ കൃത്തക പാട്ടഭൂമി മുഴുവൻ വനഭൂമിയാണന്ന വാദമാണ് വനം വകുപ്പിനുള്ളത്. നാൽപ്പതും അൻപതും വർഷങ്ങളായി കൃഷി ചെയ്തും കുത്തകപ്പാട്ട ഫീസ് ഒടുക്കിയും കൈവശത്തിലിരിക്കുന്ന ഭൂമിക്ക് വനം റവന്യൂ വകുപ്പുകൾ ജോയിന്റ് വെരിഫിക്കേഷൻ നടത്തി പട്ടയം നല്കണമെന്ന കൃഷിക്കാരുടെ ആവശ്യം നിലനില്‌ക്കെയാണ് ചിലരുടെ ഒത്താശയോടെ സാമ്പിൾ സർവ്വേ നടത്താനുള്ള നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെയും കൃഷിക്കാരെയും അറിയിക്കാതെ അതീവ രഹസ്യമായി എന്തിനാണ് ഇത്തരമൊരു സർവ്വേ നടത്തുന്നത്. എൽ ഡി എഫ് സർക്കാരിനെ ഈ വിഷയം മുൻകൂട്ടി അറിയിച്ചതാണ്. ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും സർവ്വേയുമായി ഇവർ രംഗത്തിറങ്ങിയത്. സർവ്വേ നടത്തിയാൽ അതിനെ യു.ഡി എഫ് ചെറുക്കുമെന്നും അദ്ധേഹം പറഞ്ഞു. ആദ്യഘട്ട സമരം എന്ന നിലയിൽ നെടുംകണ്ടം, അടിമാലി ഫോറസ്റ്റ് ഓഫീസുകൾക്ക് മുൻപിൽ മാർച്ച് 8 ന് വൈകുന്നേരം അടുപ്പുകൂട്ടി സമരം നടത്തുമെന്നും ഡി.സി സി പ്രസിഡന്റ് പറഞ്ഞു.