
തൊടുപുഴ: നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ യുവാവ് സുമനുസുകളുടെ സഹായം തേടുന്നു. മണക്കാട് പുതുപരിയാരം പാലത്തിനാൽച്ചാലിൽ പി.ആർ.രാജേഷ് ആണ് കട്ടിലിൽ തന്റെ ജീവിതം തള്ളിനീക്കുന്നത്. ഒന്നര വർഷം മുമ്പ് നട്ടെല്ലിന് ചെറിയ വേദനയായി തുടങ്ങിയ അസുഖം രാജേഷിനെ തളർത്തികളയുകയായിരുന്നു.
സ്വന്തമായി ഭൂമിയില്ലാത്ത ഇവർ 10 വർഷമായി പുതുപരിയാരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ആദ്യം കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു. പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്കമാറി. ഡ്രൈവറായിരുന്ന രാജോഷിന്റെ വരുമാനമായിരുന്നു വീടിന്റെ ആശ്രയം. ഇതിനൊപ്പം ഭാര്യ ശ്രീജ കുടുംബശ്രീ സംരംഭമായ തയ്യൽ കടയിൽ നിന്നും കിട്ടുന്ന വരുമാനവുമുണ്ടായിരുന്നു. ഭർത്താവിന് അസുഖം തുടങ്ങിയതോടെ ജോലിക്ക് പോകുന്നത് ആദ്യം വല്ലപ്പോഴും മാത്രമായി. പിന്നീട് സഹായത്തിന് എപ്പോഴും ആള് വേണ്ടതിനാൽ ജോലി തന്നെ വിടേണ്ടിയും വന്നു. 10ലും 9ലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. തുടർച്ചയായി ആശുപത്രി കയറി ഇറങ്ങുന്നതിനാൽ ഇവർ ഇപ്പോൾ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഒരു ഓപ്പറേഷനും പിന്നീട് അമൃത ആശുപത്രിയിൽ മറ്റൊരു ഓപ്പറേഷനും നടത്തി. വീണ്ടും ഒരു ഓപ്പറേഷൻ കൂടി നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സുമനസുകളുടെ സഹായത്താൽ ആണ് ഇതുവരെയുള്ള ചെലവുകൾ നടന്നത്. ഇതു വരെ 5 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായി കഴിഞ്ഞു. നട്ടെല്ലിനുള്ളിൽ എല്ല് വളർന്ന് വരുന്നതിനാൽ ഇത് ഒരു മേജർ സർജറി വഴി എടുത്ത് മാറ്റണം. ഇതിനും തുടർ ചികിത്സയ്ക്കുമായി നാല് ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് ഡോക്ടർമാർ പറഞ്ഞതായി കുടുംബം പറയുന്നു. നന്മ വറ്റാത്ത മനസുകൾ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ കുടുബം. ഇതിനായി മകന്റെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആദിഷ് രാജ്, ഫെഡറൽ ബാങ്ക് തൊടുപുഴ വെസ്റ്റ് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 16940100054831, ഐഎഫ്എസ്‌സി കോഡ് എഫ്ഡിആർഎൽ0001694. വിവരങ്ങൾക്ക് 9847664455.