തൊടുപുഴ: ബാർ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. ഇടവെട്ടി കുളങ്ങര വീട്ടിൽ ഷോബിൻ തോമസ് (29) കൊല്ലം ശൂരനാട് സ്വദേശിയും ഇടവെട്ടിയിൽ താമസിക്കുന്നതുമായ പദ്മവിലാസം മഹേഷ്‌കുമാർ എന്നിവരെയാണ് സിഐ സുധീർ മനോഹർ, എസ്‌ഐ ബൈജു എം.ബാബു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണക്കാട് ജംഗ്ഷനിലെ ബാറിൽ മദ്യപിക്കാനെത്തിയ പ്രതികൾ ഇവിടെ ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാർ ഇവരെ ബാറിൽ നിന്നും പുറത്താക്കിയിരുന്നു. പുറത്തു പോയ പ്രതികൾ കാറിൽ പിന്നീട് ബാറിനു പിന്നിലെ റോഡിൽ കാത്തു കിടന്നു. ജീവനക്കാർ ബാർ അടച്ചിനു ശേഷം ഇതു വഴിയാണ് താമസ സ്ഥലത്തേക്ക് പോകുന്നത്. ഇവർ കടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും കാറിടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരിൽ ഒരാൾക്ക് സാരമായും മറ്റൊരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. കാറിന്റെ നമ്പർ മനസിലാക്കിയ ബാർ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിനു ശേഷം പാലായിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇതറിഞ്ഞ പൊലീസ് പാലായിലെത്തിയെങ്കിലും പ്രതികൾ ഇന്നലെ കരിങ്കുന്നം ഭാഗത്തേക്ക് കടന്നു. തുടർന്ന് രണ്ടു വാഹനങ്ങളിലെത്തിയ പോപൊലീസ് പിന്തുടർന്നു നടുക്കണ്ടത്തു നിന്നും പിടികൂടുകയായിരുന്നു. വധശ്രമത്തിനു കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.