തൊടുപുഴ: തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ജില്ലയിലെ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിൽ. യു.ഡി.എഫിൽ തൊടുപുഴയിൽ പി.ജെ. ജോസഫിന്റെയും എൽ.ഡി.എഫിൽ ഉടുമ്പഞ്ചോലയിൽ എം.എം. മണിയുടെയും സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമായിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും അന്തിമതീരുമാനം വരാൻ രണ്ട് ദിവസമെടുക്കും. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്കെതിരെ നിരവധി പേർ പരിഗണനയിലുണ്ടെങ്കിലും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ് കുഴങ്ങുകയാണ്. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ ഇ.എം. ആഗസ്തി,​ എം.എൻ. ഗോപി,​ തോമസ് രാജൻ എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. പീരുമേട് സിറിയക് തോമസിന്റെയും റോയ് കെ. പൗലോസിന്റെയും പേരുകൾ തന്നെയാണ് ഇപ്പോഴും പട്ടികയിലുള്ളത്. എൽ.ഡി.എഫിൽ സി.പി.ഐ മത്സരിക്കുന്ന പീരുമേട് മൂന്ന് പേരുകളാണ് പാർട്ടി ജില്ലാ കൗൺസിലിന്റെ പരിഗണനയിലുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വാഴൂർ സോമൻ, ജോസ് ഫിലിപ്പ് എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കുന്നത്. ഇതിൽ ശിവരാമനാണ് സാധ്യത കൂടുതൽ. ഇന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്ത ശേഷം ഈ മൂന്ന് പേരുകളും സംസ്ഥാന കൗൺസിലിലേക്ക് അയക്കും. നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിന് ശേഷം വൈകിട്ടോടെ അന്തിമസ്ഥാനാർത്ഥി പുറത്തിറക്കും. ദേവികുളത്ത് ഡി. കുമാർ,​ ആർ. രാജാറാം, മുത്തുരാജ്‌ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. എൽ.ഡി.എഫിൽ നിന്ന് ആർ. ഈശ്വരനോ ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. എ. രാജയോ സ്ഥാനാർത്ഥിയായേക്കും. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി ആരെന്ന് അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നാണ് ശനിയാഴ്ച ചേർന്ന സി. പി. എം ജില്ലാ സെക്രട്ടറിയേറ്റിെന്റ തീരുമാനം. ഇടുക്കിയും തൊടുപുഴയും കേരളകോൺഗ്രസ് പാർട്ടികളുടെ പോരോട്ടത്തിനാകും സാക്ഷ്യം വഹിക്കുക. റോഷി അഗസ്റ്റ്യൻ തന്നെയാകും ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജാകും. അദ്ദേഹം മുവാറ്റുപുഴയിലേക്കോ മറ്റോ മാറിയാൽ മാത്യു സ്റ്റീഫനെ പരിഗണിച്ചേക്കും. തൊടുപുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ജെ. ജോസഫിന് വേണ്ടി പ്രവർത്തകർ പ്രചാരണം ആരംഭിച്ചിട്ട് ഒരാഴ്ചയാകുന്നു. അന്തിമതീരുമാനം ആയില്ലെങ്കിലും എൽ.‌ഡി.എഫ് സ്ഥാനാർത്ഥി കെ.ഐ. ആന്റണി തന്നെയാണെന്ന് ഏകദേശം ഉറപ്പാണ്. ബുധനാഴ്ചയോടെ അന്തിമചിത്രം തെളുയമെന്നാണ് കരുതുന്നത്.